ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആസ്പത്രിയും ജയ ടിവിയും.
ജയലളിത അന്തരിച്ചു എന്ന രീതിയില്‍ ചില തമിഴ് ചാനലുകള്‍ പുറത്തുവിട്ട വാര്‍ത്ത നിഷേധിച്ചാണ് ആസ്പത്രി അധികൃതരും ജയ ടിവിയും രംഗത്തെത്തിയത്.
ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കുന്നെന്നും വാര്‍ത്ത നിഷേധിക്കണമെന്നും അപ്പോളോ ആസ്പത്രി അധികൃതര്‍ പുറത്തിവിട്ട വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ജയലളിതയുടെ നിലഗുരുതരമായി തുടരുകയാണെന്നും മുഖ്യമന്ത്രിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുവെന്നുമാണ് പുതിയ കുറിപ്പിലും പറയുന്നത്.
അതേസമയം തമിഴ് മാധ്യമങ്ങള്‍ മരണ വാര്‍ത്ത പിന്‍വലിച്ചു തുടങ്ങി. പുതിയ തലമുറൈ, സണ്‍, കലൈഞ്ജര്‍ എന്നി ചാനലുകളാണ് മരണ വാര്‍ത്ത നല്‍കിയത്.
മരണ വാര്‍ത്തയെ തുടര്‍ന്നു പൊലീസും അണ്ണാ ഡിഎംകെ പ്രവര്‍ത്തകരും തമ്മിലാണ് അപ്പോളോ ആസ്പത്രിക്ക് സമീപം സംഘര്‍ഷമുണ്ടായിരുന്നു. പ്രവര്‍ത്തകരില്‍ ചിലര്‍ ആസ്പത്രിക്ക് നേരെ കല്ലെറിയുകയും പൊലീസ് ബാരിക്കേടുകള്‍ തകര്‍ക്കുകയും ചെയ്തു.
വാര്‍ത്ത തമിഴ്‌നാട്ടില്‍ പലയിടത്തും പരിഭ്രാന്തി പടര്‍ത്തി. ചില ഭാഗങ്ങളിള്‍ കടകള്‍ പൂര്‍ണമായും അടച്ചു. ചിലയിടത്ത് ബന്ദിന്റെ പ്രതീതിയാണ് ഉണ്ടാക്കിയത്.
അതിനിടെ കേന്ദ്ര മന്ത്രി വെങ്കയ്യ നായിടു അപ്പോളോ ആസ്പത്രിയില്‍ ഗുരതരാവസ്തയില്‍ കഴിയുന്ന ജയലളിതയെ സന്ദര്‍ശിച്ചു.
അതിനിടെ അണ്ണാ ഡി.എം.കെ പാര്‍ട്ടി ആസ്ഥാനത്തെ താഴ്ത്തി കെട്ടിയ പതാക ഉയര്‍ത്തി. പാര്‍ട്ടി ഓഫീസില്‍ കൊടി താഴ്ത്തികെട്ടിയത് ചാനലുകള്‍ പുറത്തുവിട്ട മരണ വാര്‍ത്ത സ്ഥിരീകരിക്കുന്നതിന് ബലം നല്‍കിയിരുന്നു.