റോഡില്‍ വെച്ച് ഇങ്ങനെയൊരു നീതി നടപ്പാക്കാന്‍ എങ്ങനെയാണ് കഴിയുക? മതത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ എങ്ങനെയാണ് ഇത്തരത്തില്‍ തല്ലിച്ചതക്കുക? ലൗവ് ജിഹാദ് കേസില്‍ തന്റെ മകന്‍ അറസ്റ്റിലായത് മുതല്‍ ഈ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കുകയാണ് അസം സ്വദേശിയായ രഞ്ജന ബീഗം. ഇക്കഴിഞ്ഞ സ്വാതന്ത്യദിനത്തിലാണ് അസമിലെ കാച്ചാര്‍ ജില്ലയില്‍ വെച്ച് രഞ്ജന ബീഗത്തിന്റെ മകന്‍ അലി അഹ്മദ് ചൗധരിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിന് തൊട്ടുമുമ്പ്, അതായത് ആഗസ്റ്റ് 15ന് അലിയും സഹപാഠിയായ പെണ്‍കുട്ടിയും റോഡില്‍ വെച്ച് സംസാരിച്ചിരുന്നു. അന്ന് രാവിലെ 3 ആണ്‍കുട്ടികള്‍ ഇവര്‍ക്കടുത്തെത്തി റോഡില്‍വെച്ച് സംസാരിക്കുന്നത് എന്തിനാണെന്ന് ചോദിച്ചു. അലി മുസ്‌ലിമാണെന്ന് മനസ്സിലാക്കിയാണ് അവര്‍ എത്തിയത്.
ഇതര മതത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി മുസ്‌ലിമായ അലി സംസാരിക്കുന്നതായിരുന്നു പ്രശ്‌നം. നീ മുസ്‌ലിമാണ്. മുസ്‌ലിമായിരിക്കെ ഹിന്ദു പെണ്‍കുട്ടിയോട് റോഡില്‍ വെച്ച് സംസാരിക്കുന്നത് എന്തിനാണ്.-എന്ന് ചോദിച്ചു കൊണ്ട് മൂവര്‍ സംഘം അലിയെ മര്‍ദിക്കാന്‍ തുടങ്ങി. ഹിന്ദു പെണ്‍കുട്ടിയോട് സംസാരിക്കുന്നത് വലിയ കുറ്റകൃത്യമാണ് എന്ന നിലക്കായിരുന്നു അവരുടെ ചെയ്തികള്‍. തല്ലിച്ചതക്കുമ്പോള്‍ അലി പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുഖത്തും കൈകാലുകളിലും കഴുത്തിലും എല്ലാം അവര്‍ മര്‍ദിച്ചു. പിടിച്ചു തള്ളി. വയറ്റില്‍ ചവിട്ടി. മര്‍ദനത്തെ തുടര്‍ന്ന് അലിയുടെ പല്ലുകള്‍ പൊട്ടി വായില്‍ നിന്ന് രക്തം വന്നു. അതൊന്നും പോരാതെ മരത്തില്‍ കെട്ടിയിട്ടും മര്‍ദനം തുടര്‍ന്നു. താനും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലല്ലെന്ന് ആണയിട്ടെങ്കിലും അതിക്രൂര മര്‍ദനത്തില്‍ അത് മുങ്ങിപ്പോയി.-അലി നേരിട്ട മര്‍ദനത്തെ കുറിച്ച് അമ്മാവന്‍ റഹീമുദ്ദീന്‍ പറയുന്നു.
ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരായിരുന്നു മൂന്നുപേരും. അലിയുടെ സഹപാഠിയും അക്കൂട്ടത്തിലുണ്ടായിരുന്നു. അലിയെ ക്രൂരമായി തല്ലിച്ചതച്ച സംഘം പെണ്‍കുട്ടിയെ സദര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി പരാതി നല്‍കി. അലിയെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ അധികം സമയം വേണ്ടി വന്നില്ല. സഹപാഠി അലിയുടെ കുടുംബത്തെ വിവരമറിയിച്ചു. പരാതി രജിസ്റ്റര്‍ ചെയ്ത ശേഷമാണ് സദര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് അലിയുടെ കുടുംബത്തെ വിവരം അറിയിച്ചത്.
അസമിലേക്ക് കുടിയേറിയ ബംഗാളി മുസ്‌ലിം കുടുംബമാണ് അലിയുടെത്. അസമിലെ കാച്ചാര്‍ ജില്ലയിലാണ് അലിയുടെ പിതാവ് ത്വയ്യിബുദ്ദീന്‍ ചൗധരി ജനിച്ചതും വളര്‍ന്നതും. കര്‍ഷകനായ അദ്ദേഹം ലോറി ഡ്രൈവറായും ജോലി ചെയ്യാറുണ്ട്.
പൊലീസ് സ്റ്റേഷനില്‍ വെച്ച് വിലങ് വെച്ച മകനെ കണ്ടപ്പോള്‍ ആ പിതാവ് തകര്‍ന്നുപോയി. മകന്‍ ജയിലിലായതിനു ശേഷം ഒരു ദിവസം പോലും ഉറങ്ങിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരമാണ് അലിയെ അറസ്റ്റ് ചെയ്തത് എന്നാണ് ആദ്യം സ്റ്റേഷനില്‍ നിന്ന് അറിയിച്ചത്. അലിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് സെന്‍സിറ്റീവ് ഫോട്ടോ കണ്ടെടുത്തുവെന്നാണ് പൊലീസ് നല്‍കിയ വിശദീകരണം.
ജയിലില്‍ വെച്ച് മകനെ കണ്ട കാര്യം രഞ്ജന ക്വിന്റിനോട് വിവരിച്ചു. മുസ്‌ലിമാണ് എന്ന ഒറ്റക്കാരണത്താല്‍ അവനെ അവര്‍ ജയിലില്‍ തല്ലിച്ചതക്കുകയാണ്. വേദന കൊണ്ട് ഒരു രാത്രി പോലും ഉറങ്ങിയിട്ടില്ല അവന്‍. അവന്‍ എത്രയും പെട്ടെന്ന് ജയില്‍ മോചിതനാകണമെന്നാണ് ആഗ്രഹം.-രഞ്ജന പറയുന്നു. കെട്ടിച്ചമച്ച കേസാണിതെന്നാണ് അലിയുടെ അഭിഭാഷകന്‍ അബ്ദുല്‍ വാഹിദ് പ്രതികരിച്ചത്. മര്‍ദിച്ചവര്‍ക്കെതിരെ അലിയുടെ കുടുംബം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ കോപ്പി പോലും പൊലീസ് സ്റ്റേഷനില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും ജാമ്യം ലഭിക്കാന്‍ അത് അനിവാര്യമാണെന്നും അഭിഭാഷകന്‍ പറഞ്ഞു.
അലിയുടെത് ഒറ്റപ്പെട്ട സംഭവമല്ല. അസമില്‍ നിരവധി മുസ്‌ലിംകള്‍ ലൗവ് ജിഹാദിന്റെ പേരില്‍ ജയിലില്‍ കഴിയുന്നുണ്ട്. ലൗവ് ജിഹാദിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുമെന്ന് ഈ മാസാദ്യം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പ്രഖ്യാപിച്ചിരുന്നു.