X
    Categories: Newsworld

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപിന് പിന്തുണയുമായി താലിബാന്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ പിന്തുണ അറിയിച്ച് താലിബാന്‍. സി.ബി.എസ് ന്യൂസിന് താലിബാന്‍ വക്താവ് സാബിഹുള്ള മുജാഹിദ് നല്‍കിയ ഫോണ്‍ അഭിമുഖത്തിലാണ് ഡൊണാള്‍ഡ് ട്രംപിന് താലിബാന്‍ പിന്തുണ അറിയിച്ചത്.

”തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിക്കുമെന്നും അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനിക സാന്നിധ്യം അദ്ദേഹം അവസാനിപ്പിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, മുതിര്‍ന്ന താലിബാന്‍ നേതാവ് സിബിഎസ് ന്യൂസിനോട് പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ ആരോഗ്യത്തില്‍ താലിബാന്‍ ആശങ്ക പ്രകടിപ്പിച്ചു. ട്രംപിന് കോവിഡ് പോസിറ്റീവ് ആണെന്ന് കേട്ടപ്പോള്‍, അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ഞങ്ങള്‍ ആശങ്കാകുലരായിരുന്നു, പക്ഷേ അദ്ദേഹം സുഖം പ്രാപിക്കുന്നുവെന്ന് തോന്നുന്നു,” മറ്റൊരു താലിബാന്‍ മുതിര്‍ന്ന നേതാവ് സിബിഎസ് ന്യൂസിനോട് പറഞ്ഞു.

അതേസമയം ട്രംപിന് താലിബാന്‍ പിന്തുണനല്‍കിയെന്ന വാര്‍ത്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. താലിബാന്റെ പിന്തുണ തങ്ങള്‍ക്കാവശ്യമില്ലെന്ന് ട്രംപിന്റെ പ്രതിനിധി അറിയിച്ചു. ”അമേരിക്കന്‍ പ്രസിഡന്റ് അമേരിക്കന്‍ താത്പര്യങ്ങള്‍ എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്നത് താലിബാന്‍ ഓര്‍ക്കണമെന്ന് ട്രംപ് വക്താവ് ടിം മുര്‍ട്ടോഗ് സി.ബി.എസിനോട് പറഞ്ഞു.

അടുത്ത ക്രിസ്തുമസോടെ അഫ്ഗാനിസ്ഥാനിലെ എല്ലാ അമേരിക്കന്‍ സേനയേയും പിന്‍വലിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ്
യുഎസ് പ്രസിഡന്റ് ട്രംപിന് അനുകൂലമായി താലിബാന്‍ രംഗത്തെത്തിയത്. 19 വര്‍ഷത്തെ നീണ്ട യുദ്ധത്തിന് ശേഷം യുഎസ് സൈനികരെ പൂര്‍ണ്ണമായും അഫ്ഗാനിസ്ഥാനില്‍ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

ട്രംപ് ഭരണകൂടം ഫെബ്രുവരിയില്‍ താലിബാനുമായി ചരിത്രപരമായ കരാറില്‍ ഒപ്പുവെച്ചിരുന്നു. ദോഹയില്‍ വെച്ച് താലിബാനുമായി നടന്ന ചര്‍ച്ചയിലാണ് അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറ്റം നടത്തുന്നതായി അമേരിക്ക ധാരണയിലെത്തിയത്. ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ അയ്യായിരത്തില്‍ താഴെ യുഎസ് സൈനികരുണ്ട്, അടുത്ത വര്‍ഷം ആദ്യം 2,500 ആയി കുറയുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയന്‍ പറഞ്ഞു.

chandrika: