X

‘തൃശൂരിലെ ദൗത്യം ഏറ്റെടുക്കുന്നു; ലക്ഷ്യം ബി.ജെ.പിയെ മൂന്നാം സ്ഥാനത്താക്കുക’: കെ.മുരളീധരന്‍

ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനുള്ള ദൗത്യം ഏറ്റെടുക്കുന്നുവെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍. തൃശൂര്‍ സീറ്റ് നിലനിർത്തുക, അവിടെ ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിവിടുക എന്നതാണ് തന്റെ ദൗത്യങ്ങളെന്ന് മുരളീധരന്‍ പറഞ്ഞു. കേരളത്തിൻ്റെ മണ്ണിൽ സംഘികൾക്ക് സ്ഥാനമില്ല. വിഷയത്തിലെ സിപിഎമ്മിന്‍റെ മനസിലിരുപ്പ് വ്യക്തമാണ്. സീറ്റ് ഇല്ലാത്ത സ്ഥലത്ത് ബിജെപിയ്ക്ക് ഇടം നല്‍കുകയാണ് സിപിഎം ലക്ഷ്യം. ഗോവിന്ദൻ മാഷിൻ്റെ മനസിലെ ചിന്ത അറിയാതെ പുറത്തുവന്നതാണെന്നും മുരളീധരന്‍ പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. വടകരയില്‍ ഷാഫി ജയിച്ചാൽ പാലക്കാട് പ്രതിസന്ധിയില്ല.കോണ്‍ഗ്രസ് അവിടെയും ജയിക്കും. നിലമ്പൂരില്‍ കെ. കരുണാകരൻ്റെ ചിത്രം മോദിയ്ക്കൊപ്പം ചേര്‍ത്ത് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ച സംഭവത്തിലും മുരളീധരന്‍ പ്രതികരിച്ചു.

കെ.കരുണാകരന്‍റെ ആത്മാവിനെ പോലും കാവി പതാക പുതപ്പിയ്ക്കാൻ അനുവദിയ്ക്കില്ല. കരുണാകരൻ കോണ്‍ഗ്രസിന്‍റെ പൊതുസ്വത്താണ് അദ്ദേഹത്തിന്‍റെ ശവകുടീരത്തിൽ ആർക്കും വരാം. കാവി പതാക പുതപ്പിച്ചാൽ വലിച്ചെറിയും.അടിയ്ക്കണോ വേണ്ടയോ എന്ന് മറ്റുള്ളവർ തീരുമാനിയ്ക്കട്ടെ.അതൊന്നും രാഷ്ട്രീയത്തിൽ പറയേണ്ട വാചകമല്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു.

‘‘ചതി ആരു കാണിച്ചാലും അത് കേരളത്തിന്റെ മണ്ണിൽ ചെലവാകില്ല. കെ.കരുണാകരൻ എന്നു പറഞ്ഞാൽ‌ കോൺഗ്രസിന്റെ സ്വത്താണ്. അത് ആരു വിചാരിച്ചാലും, ഞാൻ വിചാരിച്ചാലും തട്ടിയെടുക്കാൻ കഴിയില്ല. അതുകൊണ്ട് ഒരു കാരണവശാലും അദ്ദേഹത്തിന്റെ ആത്മാവിന്റെ മേൽ പോലും സംഘിപതാക പുതപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല. ബിജെപിയെ എതിർക്കാനുള്ള ഒരു അവസരവും ഞാൻ ഇതുവരെ പാഴാക്കിയിട്ടില്ല. സഹോദരി എന്ത് തീരുമാനമെടുത്താലും അതിന്റെ ബാക്കി ഞാൻ ഇന്നലെത്തന്നെ പറഞ്ഞിരുന്നു. ഇനി ചർച്ച ചെയ്ത് അവരെ വലുതാക്കാൻ ആഗ്രഹിക്കുന്നില്ല. മുരളിമന്ദിരം എന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന സ്ഥലമാണ്. അവിടെ ചെന്ന് അവർ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് പ്രാർഥിച്ചുകൊണ്ടാണ് പ്രചാരണം തുടങ്ങുക. ജനങ്ങളുടെ മനസ്സിലേക്ക് ഒരു എൻട്രിയാണ് ഞാൻ ലക്ഷ്യമിടുന്നത്”- കെ.മുരളീധരന്‍ പറഞ്ഞു.

 

 

webdesk14: