X

അമ്മയുടെ സംരക്ഷണത്തില്‍നിന്ന് കുട്ടിയെ ഒരുമാസമായി അകറ്റിയത് സ്വഭാവികനീതിയുടെ നിഷേധം: ഹൈക്കോടതി

മുലയൂട്ടുകയെന്നത് അമ്മയുടെയും മുലയുണ്ണുകയെന്നത് കുഞ്ഞിന്റെയും മൗലികാവകാശമാണെന്ന് ഹൈക്കോടതി. അത് നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. ഒരുവയസ്സും നാലുമാസവും പ്രായമുള്ള കുഞ്ഞിനെ അച്ഛന് കൈമാറണമെന്ന് ഉത്തരവിട്ട ഇടുക്കി ശിശുക്ഷേമസമിതിയുടെ ഉത്തരവ് റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം യുവതി കുട്ടിക്ക് ജന്മം നല്‍കുകയും തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്കുപോകുകയുമായിരുന്നു. പിന്നീട് യുവതി ഭര്‍ത്താവിന്റെ അമ്മയുടെ രണ്ടാം ഭര്‍ത്താവിനോടൊപ്പം താമസം തുടങ്ങുകയായിരുന്നു. ഇക്കാര്യം കാണിച്ച് ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് കുട്ടിയെ അച്ഛനോടൊപ്പം വിടാന്‍ ശിശുക്ഷേമ സമിതി ഉത്തരവിട്ടത്. എന്നാല്‍ ഇതിനെതിരെ യുവതി ഹൈക്കോടതിയില്‍ എത്തുകയായിരുന്നു. ഭര്‍ത്താവില്‍ നിന്നും ശാരീരികമായും മാനസികമായും ഉപദ്രവം ഉണ്ടായതിനാലാണ് ബന്ധം വേര്‍പ്പെടുത്തിയതെന്ന് യുവതി പരാതിപ്പെട്ടിരുന്നു.

കേസില്‍ ശിശുക്ഷേമസമിതിയുടെ ഉത്തരവ് ധാര്‍മിക പക്ഷപാതമാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.

മുലകുടി പ്രായമാണ് കുട്ടിയുടേതെന്ന് ശിശുക്ഷേമസമിതി കണക്കിലെടുത്തില്ലെന്നും അമ്മയുടെ സംരക്ഷണത്തില്‍നിന്ന് കുട്ടിയെ ഒരുമാസമായി അകറ്റിയത് സ്വഭാവികനീതിയുടെ നിഷേധമാണെന്നും ഹൈക്കോടതി പറഞ്ഞു. കുട്ടിയെ അമ്മയ്ക്ക് കൈമാറണമെന്നും കുമളി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അത് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

 

webdesk17: