താജ്മഹല്‍ ഹൈന്ദവ ആരാധനാലയമാണെന്ന് അവകാശപ്പെട്ട് ശുചീകരിക്കാന്‍ ചാണകവും ഗംഗാജലവുമായെത്തിയ ഹിന്ദുത്വ നേതാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഇന്നലെ രാവിലെയാണ് സംഭവം. അഖില ഭാരത ഹിന്ദു മഹാസഭ കണ്‍വീനര്‍ ഗോപാല്‍ ചാഹറാണ് ചാണകവും ഗംഗാജലവുമായി താജ്മഹല്‍ ശുചീകരിക്കാനെത്തിയത്.
താജ്മഹലിന്റെ കോംപൗണ്ടിനുള്ളിലേക്ക് കടക്കാനുള്ള ഇയാളുടെ ശ്രമം സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞു. താജ്മഹല്‍ പരിസരത്ത് ഒരാള്‍ മൂത്രമൊഴിക്കുന്ന വീഡിയോ കണ്ടിരുന്നു എന്നും താജ്മഹല്‍ ഒരു ക്ഷേത്രമായതിനാല്‍ അവിടം ശുചീകരിക്കാനാണ് താന്‍ എത്തിയത് എന്നുമായിരുന്നു ഗോപാല്‍ ചാഹറിന്റെ വാദം.
പ്രവേശന കവാടത്തില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെ ഇയാള്‍ പൊലീസുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇയാളുടെ അനുയായികളും കൂടെയുണ്ടായിരുന്നു. വിഷയം കോടതിയിലെത്തിക്കുമെന്ന് ഹിന്ദുത്വ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.നേരത്തെയും വിവിധ ഹിന്ദുത്വ സംഘടന നേതാക്കളും പ്രവര്‍ത്തകരും താജ്മഹല്‍ ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിരുന്നു. ശനിയാഴ്ചയും പ്രദേശത്ത് സമാനമായ മറ്റൊരു സംഭവം നടന്നിരുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഓഗസ്റ്റ് ആറിന് അഖില ഭാരത് ഹിന്ദു മഹാസഭാ പ്രവര്‍ത്തക മീരാ റാത്തോഡ് താജ്മഹലിനകത്ത് ജലാഭിഷേകത്തിന് ശ്രമിക്കുകയും കാവിക്കൊടി വീശുകയും ചെയ്തിരുന്നു. ഇവരെ സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടുകയും കേസെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് രണ്ട് ദിവസം മുമ്പ് മറ്റൊരു സ്ത്രീയും സമാനമായ പ്രവര്‍ത്തികള്‍ നടത്തിയിരുന്നു. 2019ല്‍ മീന ദിവാകര്‍ എന്നൊരു സ്ത്രീയും താജ്മഹലിനകത്ത് പ്രവേശിച്ച് ആരതി നടത്തിയിരുന്നു.