X

താജ്മഹലില്‍ ശിവപൂജയ്ക്ക് അനുമതി വേണമെന്ന് ആര്‍.എസ്.എസ് നേതാവ്

ആഗ്ര: താജ്മഹലിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥന (ജുമുഅ) നിരോധിക്കണമെന്നും ശിവപൂജയ്ക്ക് അനുമതി നല്‍കണമെന്നും ആര്‍.എസ്.എസ് ചരിത്ര വിഭാഗം മേധാവി ഡോ. ബാല്‍മുകുന്ദ് പാണ്ഡെ. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

‘താജ്മഹല്‍ ദേശീയ പൈതൃകമാണ്. പിന്നെ എന്തിനാണ് മുസ്്‌ലിംകളെ ഇവിടെ ആരാധന നടത്താന്‍ അനുവദിക്കുന്നത്. നമസ്‌കാരത്തിനുള്ള അനുമതി പിന്‍വലിക്കണം’ – അദ്ദേഹം പറഞ്ഞു. താജ്മഹല്‍ ശിവക്ഷേത്രമായിരുന്നു എന്നതിന് തെളിവുണ്ടെന്നും എല്ലാ തെളിവുകളും കണ്ടെത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. മുസ്്‌ലിംഭരണാധികാരികള്‍ ‘തകര്‍ത്ത’ സ്മാരകങ്ങളെ കുറിച്ചുള്ള പഠനത്തിലാണ് തങ്ങളുടെ സംഘടനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.പി മുഖ്യമന്ത്രിയുടെ താജ്മഹല്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് ആര്‍.എസ്.എസിന്റെ മറ്റൊരു നേതാവ് വിവാദപരാമര്‍ശവുമായി വീണ്ടും രംഗത്തെത്തിയത്. ‘ഇന്ത്യക്കാര്‍ വിയര്‍പ്പും രക്തവും ഒഴുക്കി പണിതതാണ് താജ്മഹല്‍. അത് കാത്ത് സുക്ഷിക്കേണ്ടതും സംരക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. നിങ്ങള്‍ ഞാന്‍ പറയുന്നത് വിശ്വസിച്ചാല്‍ മതി, താജ്മഹലുമായി ബന്ധപ്പെട്ട് മറ്റൊന്നും കാര്യമാക്കേണ്ട’ എന്നായിരുന്നു യോഗി ആദിത്യനാഥ് സന്ദര്‍ശന ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.

അതേ സമയം താജ്മഹലിനെതിരെ നിരന്ദരം നടത്തിക്കൊണ്ടിരിക്കുന്ന വിവാദ പ്രസ്താവന അടുത്ത മാസം നടക്കാനിരിക്കുന്ന യു.പി തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നാണ് നീരീക്ഷകര്‍ വിലയിരുത്തുന്നത്.

അടുത്ത മാസം 22ന് തിരഞ്ഞെടുപ്പിന് തുടക്കമാവും. മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. 2019ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാക്കാനുള്ള അവസരമായതിനാല്‍ തന്നെ തെരഞ്ഞെടുപ്പിനെ അതീവ ഗൗരവത്തോടെയാണ് പാര്‍ട്ടികള്‍ നോക്കിക്കാണുന്നത്.

chandrika: