X

താജ്മഹല്‍ ഷാജഹാന്റെയും മുംതാസിന്റെയും ശവകുടീരം തന്നെ, ശിവക്ഷേത്രമല്ല : പുരാവസ്തു വകുപ്പ്

 

ന്യൂഡല്‍ഹി : താജ്മഹല്‍ ശിവക്ഷേത്രമല്ലെന്നും മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെയും മുംതാസിന്റെയും ശവകുടീരമാണെന്ന് ആഗ്ര കോടതിയില്‍ പുരാവസ്തു വകുപ്പിന്റെ സത്യവാങമൂലം. താജ്മഹല്‍ ശിവ ക്ഷേത്രമായിരുന്നുവെന്നും ഹിന്ദുക്കള്‍ക്ക് താജ്മഹലില്‍ ആരാധന നടത്താന്‍ അവകാശമുണ്ട് എന്ന് പറഞ്ഞ് അഭിഭാഷകന്‍ രാജീവ് കുല്‍ശ്രേഷ്ത ഫയല്‍ ചെയ്ത കേസിലാണ് പുരാവസ്തു വകുപ്പിന്റെ അഭിഭാഷക അഞ്ജനി ശര്‍മ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ആഗ്രയിലെ സൗധം താജ്മഹലല്ല ശിവക്ഷേത്രമായ തേജോ മഹാലയ ആണന്നും ഷാജഹാനല്ല രജപുത്ര രാജാവായ രാജാമാന്‍ സിംങ് ആണ് ഈ സൗധം പണികഴിപ്പിച്ചത് എന്നുമായിരുന്നു ചില ഹൈന്ദവ സംഘടനകളുടെ അവകാശവാദം. അതേസമയം താജ്മഹല്‍ ശിവ ക്ഷേത്രമായിരുന്നുവെന്നതിന് തെളിവുകള്‍ ഇല്ലെന്ന് വ്യക്തമാക്കി ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ സത്യ വാങ്മൂലം നല്‍കിയത്. താജ്മഹല്‍ തേജോ മഹാലയ ശിവക്ഷേത്രമായിരുന്നു എന്ന് സ്ഥാപിക്കത്തക്ക തെളിവുകളൊന്നും ലഭിച്ചില്ലെന്നും അതൊരു കെട്ടുകഥയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ ഭാര്യ മുംതാസിന്റെ ഓര്‍മ്മയ്ക്കായാണ് താജ്മഹല്‍ നിര്‍മ്മിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. താജ്മഹലിന്റെ ഏത് ഭാഗമാണ് സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കേണ്ടത് എന്നും ഏത് ഭാഗമാണ് അടച്ചിടേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അക്കാര്യത്തില്‍ ഇനി കൂടുതല്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്നും സത്യവാങ്മൂലത്തില്‍ പുരാവസ്തു വകുപ്പ് പറയുന്നു. താജ്മഹല്‍ ഹിന്ദു ക്ഷേത്രമായിരുന്നുവെന്നതിന് തെളിവുകള്‍ ഇല്ലെന്ന കേന്ദ്രസര്‍ക്കാരും മുമ്പ് വ്യക്തമാക്കിയിരുന്നു.

chandrika: