ബില്ലിനെതിരെ ഇന്ത്യന് മെഡിക്കല് അസോസിയേഷന് (ഐ.എം.എ) ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കും. ഇന്ത്യയിലെ ആധുനിക വൈദ്യശാസ്ത്ര ചികിത്സാ പഠന ഗവേഷണ മേഖലകളുടെ തകര്‍ച്ചക്ക് വഴിയൊരുക്കുന്ന നീക്കത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മെഡിക്കൽ ബന്ദിൽ കേരളത്തിലെ ഡോക്ടർമാരും പങ്കെടുക്കുന്നതിനാൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം ഇന്നു തടസ്സപ്പെട്ടേക്കും.
നാഷണല് മെഡിക്കല് കമ്മീഷന് (എന്.എം.സി) ബില്ല് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഇരിക്കെയാണ് ഡോക്ടര്‍മാര്‍ സമരം ശക്തമാക്കുന്നത്. എന്.എം.സി ബില്ലില് അടങ്ങിയിട്ടുള്ള പൊതുജനാരോഗ്യ വിരുദ്ധമായ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്നും ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാര്‍ക്ക് പിന്‍വാതില്‍ വഴി അലോപ്പതി മരുന്നുകള് ഉപയോഗിക്കാന്‍ ലൈസന്‍സ് നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. സാധാരണക്കാര്‍ക്കു മെഡിക്കല്‍ പഠനം അപ്രാപ്യമാക്കാനുള്ള നീക്കമാണ് നടക്കുന്നത്.
എം.ബി.ബിഎസ് ബിരുദധാരികള്‍ക്ക് എക്‌സിറ്റ് പരീക്ഷ നടത്താനുള്ള നീക്കം ഉപേക്ഷിക്കുക, ഡോക്ടര്‍മാരെ സമാധാനമായി ജോലി ചെയ്യാന് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധത്തില് ഉന്നയിക്കും. ഐ.എം.എ മെഡിക്കല് സ്റ്റുഡന്റ്‌സ് നെറ്റ്‌വര്‍ക്ക്, കെ.ജി.എം.ഒ.എ, കെ.ജി.എം.സി.ടി.എ തുടങ്ങിയ സംഘടനകളും പ്രതിഷേധത്തില് പങ്കാളികളാകും. പൊതുജനങ്ങള് നാഷണല് മെഡിക്കല് കമ്മീഷന് ബില് എന്താണെന്ന് മനസ്സിലാക്കണമെന്നും ജനങ്ങളുടെ ജീവനു തന്നെ അപകടം വരുത്തുന്ന വിധം കുറുക്കുവഴികളിലൂടെ ബ്രിഡ്ജ് കോഴ്‌സുകള് നടത്തി മുറിവൈദ്യന്‍മാരെ സൃഷ്ടിച്ച് യോഗ്യതയില്ലാത്തവരെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ വക്താക്കളാക്കാനുള്ള ശ്രമം തടയണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ കടയ്ക്കല് കത്തി വെക്കുന്ന നയം ജന വിരുദ്ധമാണെന്ന് തിരിച്ചറിഞ്ഞ് എല്ലാ രാഷ്ട്രീയ സംഘടനകളും യോജിച്ച് ബില്ലിനെ ശക്തമായി എതിര്‍ക്കണമെന്ന് ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. വര്‍ഗീസ് ചെറിയാന്‍ ആവശ്യപ്പെട്ടു.