കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേനയാണ് ആശുപത്രികൾക്കുള്ള മരുന്നു സംഭരിക്കുന്നത്. 3 ഘട്ടങ്ങളിലായി കമ്പനികൾ നൽകിയ മരുന്നിനു പണം നൽകാനായിട്ടില്ല. അതിനാൽ ഒട്ടേറെ കമ്പനികൾ അവസാനഘട്ട മരുന്നു വിതരണം മരവിപ്പിച്ചു. ധനവകുപ്പ് കനിഞ്ഞില്ലെങ്കിൽ മാർച്ച് വരെ മരുന്നു ക്ഷാമം തുടരും.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മുതൽ മെഡിക്കൽ കോളജ് ആശുപത്രികളിൽ വരെ മരുന്നുക്ഷാമമുണ്ട്. മെഡിക്കൽ കോളജ് ആശുപത്രികളിലെ അർബുദ ചികിത്സാ വിഭാഗങ്ങളിൽ ആവശ്യമായ മരുന്നുകളുടെ മൂന്നിലൊന്നു മാത്രമേ ലഭ്യമായിട്ടുള്ളൂ. ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള മരുന്നുകളും വേണ്ടത്രയില്ല.
പ്രമേഹ രോഗികൾക്കുള്ള ഇൻസുലിനും മെറ്റ്ഫോർമിനും ഗ്ലിമിപ്രൈഡ് ഉൾപ്പെടെ വിവിധയിനം മരുന്നുകളും പല ആശുപത്രികളിലും ലഭ്യമല്ല.
രക്താതിമർദം കുറയ്ക്കാനുള്ള ആംലോ, കൊളസ്ട്രോളിനുള്ള അറ്റോർവസ്റ്റാറ്റിൻ, രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാനുള്ള ക്ലോപിഡോഗ്രൽ, ഫംഗൽ ഇൻഫെക്‌ഷൻ മാറ്റാനുള്ള ഫ്ലൂക്കോനാസോൾ, ഇൻഫെക്‌ഷൻ ബാധിതർക്കു നൽകുന്ന ആന്റിബയോട്ടിക്കായ അസിത്രോമൈസിൻ, അസിഡിറ്റി കുറയ്ക്കാനുള്ള പാന്റോപ്രസോൾ എന്നിവ ഉൾപ്പെടെ ഒട്ടേറെ മരുന്നുകൾക്കു ക്ഷാമമുണ്ട്.
ആശുപത്രികൾ തമ്മിലുള്ള മരുന്നു കൈമാറ്റം നിലച്ചതും ക്ഷാമത്തിനു വഴിവച്ചു. 2 വർഷം മുൻപുവരെ എല്ലാ മാസവും ജില്ലാതലത്തിൽ സർക്കാർ ഫാർമസിസ്റ്റുകളുടെ അവലോകന യോഗം നടന്നിരുന്നു. അവിടെ ഓരോ ആശുപത്രിയിലെയും മരുന്നു ലഭ്യത പരിശോധിച്ചു കൂടുതൽ സ്റ്റോക്ക് ഉള്ള ആശുപത്രിയിൽ നിന്നു കുറവുള്ള ആശുപത്രിയിലേക്കു നൽകുന്നതായിരുന്നു പതിവ്. ഈ യോഗം നിർത്തലാക്കിയതോടെ ഇത്തരത്തിലുള്ള മരുന്നു കൈമാറ്റത്തിനുള്ള അവസരം ഇല്ലാതായി.