മലപ്പുറം: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ വിധിയില്‍ പ്രതികരണമുമായി മുസ്‌ലിം ലീഗിലെ മുതിര്‍ന്ന നേതാവ് ടിഎ അഹ്മദ് കബീര്‍ എംഎല്‍എ. ഇത് ഒന്നിനും തെളിവില്ലാത്ത കാലമാണെന്നും ആ കാലത്ത് നാം വെളിവില്ലാത്തവരാകരുതെന്നും ടിഎ അഹ്മദ് കബീര്‍ പറഞ്ഞു. മറിച്ചൊരു വിധി പ്രതീക്ഷിച്ചതേ അല്ല. ബാബ്രി മസ്ജിദിന്റെ കാര്യത്തില്‍ നമുക്ക് നീതി ലഭിച്ചില്ല. ഇത് ഒന്നിനും തെളിവില്ലാത്ത കാലം. നാം വെളിവില്ലാത്തവരാകരുത്. പതറരുത്. എതിര്‍പ്പുകളെ അതിജീവിച്ച് കടന്ന് വന്ന വഴികള്‍ മറക്കരുത്, ഫെയ്ബുക്കിലൂടെ ലീഗ് നേതാവ് പ്രതികരച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
മറിച്ചൊരു വിധി പ്രതീക്ഷിച്ചതേ അല്ല. ബാബ്രി മസ്ജിദിന്റെ കാര്യത്തില്‍ നമുക്ക് നീതി ലഭിച്ചില്ല. ഇത് ഒന്നിനും തെളിവില്ലാത്ത കാലം. നാം വെളിവില്ലാത്തവരാകരുത്. പതറരുത്. എതിര്‍പ്പുകളെ അതിജീവിച്ച് കടന്ന് വന്ന വഴികള്‍ മറക്കരുത്.
ഏത് പ്രതിസന്ധിയിലും നീതിബോധം കൈവിടരുത്. നാം ഇടപെടുന്ന ആരോടും നീതി പാലിക്കണം. ഈ ഇരുണ്ട വേളകളിലും ഖുര്‍ആന്‍ നമുക്ക് നല്‍കുന്ന വിട്ടുവീഴ്ചയില്ലാത്ത കല്‍പനയാണത്. ആ വെളിച്ചം നമ്മെ ആത്യന്തികമായി വിജയവീഥിയില്‍ എത്തിക്കും.അര്‍ത്ഥശങ്കക്കിടം നല്‍കാത്ത കാലം തെളിയിച്ച വസ്തുതയാണത്.
ആഭ്യന്തരമായ ശാക്തീകരണത്തിനായി ഒരുങ്ങുക. നമ്മുടെ ബലത്തില്‍ അല്ലാഹുവിന്റെ സഹായത്തോടെ നമ്മുടെ വ്യക്തിത്വം മാന്യമായി, നിയമപരമായി അടയാളപ്പെടുത്താന്‍ സമര്‍പ്പണത്തിന്റെ വഴി തേടുക, പ്രതിജ്ഞാബദ്ധരാകുക. ഒരു വഴി അടഞ്ഞാല്‍ നൂറു വഴികള്‍ തുറക്കാന്‍ ശേഷി പകരുന്ന പ്രത്യയശാസ്ത്ര പരിസരത്തിന്റെ വിപുലമായ സാധ്യതകള്‍ കണ്ടെത്താന്‍ സജ്ജരാകുക.
മാറി നില്‍ക്കുകയില്ലെന്ന് തീരുമാനിക്കണം. മാറ്റി നിര്‍ത്താന്‍ നടക്കുന്ന നീക്കം അനുവദിക്കരുത്. ഏത് രംഗത്തും നാം മുന്നില്‍ വരണം. കര്‍മ്മനിരതരാകുക. ആത്മവിശ്വാസവും പ്രതീക്ഷയും കൈവിടാതെ ഉറച്ച ലക്ഷ്യബോധത്തോടെയും കാല്‍വെപ്പുകളോടെയും നമുക്ക് മുന്നോട്ട് പോകണം. പരാജയം വരാം. എന്നാല്‍ പിന്നോട്ട് നടക്കുന്ന പ്രശ്‌നമില്ല.