കോഴിക്കോട്: തോല്‍ക്കുമെന്ന് ഉറപ്പുണ്ടായിട്ടും വടകര ലോക്‌സഭാ മണ്ഡലത്തില്‍ പി.ജയരാജനെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി നിര്‍ത്തിയത് പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖ്. ജയരാജനെ നീക്കിയതോടെ കണ്ണൂരില്‍ സ്ഥിരം സെക്രട്ടറിയായി എം.വി ജയജരാജനെ നിയോഗിച്ചുകഴിഞ്ഞു.
ഒരു ജില്ലാ സെക്രട്ടറിയെ മത്സരിപ്പിക്കുമ്പോള്‍ സി.പി.എം പാലിക്കുന്ന മര്യാദകളൊന്നും ജയരാജന്റെ കാര്യത്തില്‍ ഉണ്ടായില്ല. എന്തുകൊണ്ടാണ് പി.ജയരാജന്റെ കാര്യത്തില്‍ അങ്ങനെയൊരു തീരുമാനമെടുത്തതെന്ന് സി.പി.എമ്മിന് സത്യസന്ധമായി ജനങ്ങളോട് പറയാന്‍ ധൈര്യമുണ്ടോയെന്നും ടി.സിദ്ദിഖ് ചോദിച്ചു. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് വടകരയില്‍ വികസന രാഷ്ട്രീയം മുന്നോട്ട് വെക്കുമ്പോള്‍ കൊലപാതക രാഷ്ട്രീയത്തിന്റെ മേഖലയിലേക്ക് തെരഞ്ഞെടുപ്പിനെ തിരിച്ചുവിടാനുള്ള ഉപകരണമായിട്ടാണ് പി.ജയരാജനെ ഇറക്കിയിരിക്കുന്നത്. ജില്ലയിലെ വടകര, കോഴിക്കോട്, വയനാട് മണ്ഡലങ്ങളില്‍ യു.ഡി.എഫ് സീറ്റ് നിലനിര്‍ത്തും. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത് വൈകുന്നത് കാര്യമാക്കേണ്ടതില്ല. സി.പി.എമ്മിനെ പോലെ പ്രാദേശികമായി മാത്രം ചിന്തിച്ചെടുക്കേണ്ട തീരുമാനമല്ല. കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ തീരുമാനമുണ്ടാവണം. അത് രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു.