X

ജോസഫൈന് ദയ മനസ്സിലും പെരുമാറ്റത്തിലുമില്ല; കാറും ശമ്പളവും നല്‍കി എന്തിന് നിയമിച്ചെന്ന് ജയരാജനോട് ടി.പത്മനാഭന്‍

കണ്ണൂര്‍: 87 വയസ്സുള്ള വൃദ്ധയെ അധിക്ഷേപിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരന്‍ ടി. പത്മനാഭന്‍. വൃദ്ധയോട് കാണിച്ചത് ക്രൂരതയാണെന്നും അധ്യക്ഷയുടേത് ദയയും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമാണെന്നും പത്മനാഭന്‍ പറഞ്ഞു. കാറും ശമ്പളവും നല്‍കി ഇവരെ നിയമിച്ചതെന്തിനാണെന്നും പത്മനാഭന്‍ ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയ 89കാരിയായ വൃദ്ധയെ അധിക്ഷേപിക്കുന്ന രീതിയില്‍ ജോസഫൈന്‍ വൃദ്ധയുടെ ബന്ധുവിനോട് ഫോണില്‍ സംസാരിച്ചത്. എന്തിനാണ് 87 വയസ്സുള്ള തള്ളയെക്കൊണ്ട് പരാതികൊടുപ്പിച്ചതെന്നും ഇത് പൊലീസ് സ്റ്റേഷനില്‍ കൊടുത്താല്‍ മതിയായിരുന്നില്ലേ എന്നും ജോസഫൈന്‍ ചോദിക്കുകയായിരുന്നു. അയല്‍വാസി മര്‍ദ്ദിച്ചുവെന്ന പരാതിയാണ് വൃദ്ധ നല്‍കിയിരുന്നത്.

ജോസഫൈന്‍ ഉപയോഗിച്ചത് പദവിയ്ക്ക് നിരക്കാത്ത വാക്കുകളാണെന്നും പത്മനാഭന്‍ പറഞ്ഞു. പി.ജയരാജനോടാണ് പത്മനാഭന്‍ വിമര്‍ശനം അറിയിച്ചത്. ഗൃഹസന്ദര്‍ശനത്തിനിടെയായിരുന്നു ടി.പത്മനാഭന്റെ പ്രതികരണം. ജോസഫൈന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് പി. ജയരാജന്‍ പത്മനാഭന് മറുപടി നല്‍കി.

വയസ്സായ സ്ത്രീയെയും കൊണ്ട് അമ്പത് കിലോമീറ്ററിലധികം ദൂരെയുള്ള വനിതാ കമ്മീഷന്‍ ഓഫീസില്‍ എത്താന്‍ സാധിക്കില്ലെന്നും വീടിന് അടുത്തുള്ള ഏതെങ്കിലും ജാഗ്രതാ സമിതിയിലേക്ക് വരാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു വൃദ്ധയുടെ ബന്ധു ജോസഫൈനെ വിളിച്ചത്. എന്നാല്‍ ജോസഫൈന്‍ മോശമായി പെരുമാറുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്തുവരുകയായിരുന്നു.

Test User: