X

ഏകോപന സമിതി നേതാവ് നസ്റുദ്ദീന്റെ കട കോര്‍പ്പറേഷന്‍ അടച്ചു പൂട്ടി

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസ്റുദ്ദീന്റെ ഉടമസ്ഥതയിലുള്ള കട കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ അടച്ചു പൂട്ടി. മിഠായിതെരുവില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി സ്റ്റോഴ്സ് എന്ന കടയാണ് കോര്‍പ്പറേഷന്‍ സെക്രട്ടറിയുടേയും ഹെല്‍ത്ത് ഇന്‍സ്പെക്ടറുടേയും നേതൃത്വത്തില്‍ അടച്ചുപൂട്ടിയത്. ലൈസന്‍സില്ലാതെയാണ് കട പ്രവര്‍ത്തിച്ചതെന്നാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നത്. 30 വര്‍ഷത്തിലധികമായി ലൈസന്‍സ് ഇല്ലാതെയാണ് കട പ്രവര്‍ത്തിച്ചതെന്നുമാണ് അവര്‍ പറയുന്നു. എന്നാല്‍ അത്തരമൊരു ലൈസന്‍സ് എടുക്കേണ്ടതില്ലെന്ന കോടതി ഉത്തരവുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. അടച്ചു പൂട്ടാനുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം വ്യാപാരികളുടെ കടുത്ത പ്രതിഷേധവും ഉണ്ടായിരുന്നു. വാക്കേറ്റത്തിനൊടുവില്‍ പൊലീസ് സഹായത്തോടെയാണ് അധികൃതര്‍ കട അടച്ചുപൂട്ടിയത്. കോര്‍പ്പറേഷനെതിരെ സംസാരിച്ചതിനുള്ള പകപോകലാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായതെന്ന് വ്യാപാരികള്‍ ആരോപിച്ചു. ഇതിനെതിരെ വ്യാപാരികള്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് അറിയിച്ചു.
അടച്ചു പൂട്ടാനെത്തിയെ ഉദ്യോഗസ്ഥരുമായി വ്യാപാരികള്‍ തട്ടിക്കയറിയത് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടാക്കാന്‍ ഇടയായി. വ്യാപാരികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സെക്രട്ടറിയും ഹെല്‍ത്ത് ഇന്‍സ്പെകടറും നേരിട്ടെത്തിയാണ് ഉത്തരവ് നടപ്പാക്കിയത്. 1990 ലെ കോടതി ഉത്തരവിനെ തുടര്‍ന്ന് ലൈസന്‍സ് എടുത്തിരുന്നില്ല. എന്നാല്‍ 1994 ല്‍ പുതിയ മുനിസിപ്പല്‍ നിയമം വന്നതിനെ തുടര്‍ന്ന് മുന്‍പത്തെ കോടതി ഉത്തരവിന് സാധുതയില്ലെന്നാണ് നഗരസഭ പറയുന്നത്. ഇതു ചൂണ്ടികാണിച്ച് കോര്‍പ്പറേഷന്‍ പലതവണ നോട്ടീസ് നല്‍കിയെങ്കിലും ലൈസന്‍സ് എടുത്തിരുന്നില്ലെന്നും അവര്‍ പറയു#്നനു. ലൈസന്‍സ് എടുക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നതിനെ തുടര്‍ന്നാണ് അടച്ചു പൂട്ടല്‍ നടപടിയെടുത്തതെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ് അറിയിച്ചു. അതേസമയം ലൈസന്‍സിനായി അപേക്ഷ നല്‍കിയാല്‍ കട തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുമെന്നും നിശ്ചിത തുക പിഴയിനത്തില്‍ അടക്കേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.

chandrika: