‘രാമരാജ്യം സ്ഥാപിക്കാന്‍ സഹായിക്കണം’; ആവശ്യങ്ങള്‍ നിരസിച്ച ക്ഷേത്ര പൂജാരിയ്ക്ക് നേരെ ‘രാമരാജ്യ സൈന്യത്തിന്റെ’ ക്രൂര മര്‍ദനം

രാമരാജ്യം സ്ഥാപിക്കുന്നതിനായി സഹായിക്കാന്‍ വിസമ്മതിച്ച ക്ഷേത്ര പൂജാരിക്ക് ‘രാമരാജ്യ സൈന്യത്തിന്റെ’ അതിക്രൂര മര്‍ദനം. ചില്‍കൂര്‍ ബാലാജി ക്ഷേത്രത്തിലെ മുഖ്യ പൂജാരി സി.എസ്. രംഗരാജനാണ് മര്‍ദനത്തിനിരയായത്. അദ്ദേഹത്തെ വീട്ടില്‍ കയറി ആക്രമിച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാളെ ഹൈദരാബാദിലെ സൈബരാബാദ് പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. ഫെബ്രുവരി ഏഴിനാണ് സംഭവം നടന്നത്. മുഖ്യ പൂജാരിയുടെ പിതാവും ക്ഷേത്ര സംരക്ഷണ പ്രസ്ഥാന കണ്‍വീനറുമായ എം.വി. സൗന്ദരരാജന്‍ മാധ്യമങ്ങളെ സമീപിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്.

രാമരാജ്യം സ്ഥാപിക്കുന്നതിന് രംഗരാജന്റെ രക്ഷാകര്‍തൃത്വവും സാമ്പത്തിക സംഭാവനയും സംഘം ആവശ്യപ്പെട്ടു. എന്നാല്‍ താത്പര്യമില്ലെന്ന് പറഞ്ഞ രംഗരാജനെ പ്രതികള്‍ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. ചില്‍ക്കൂറിലെ തന്റെ വീട്ടില്‍ ഇരുപതോളം പേര്‍ അതിക്രമിച്ചു കയറി തന്നെ ആക്രമിച്ചതായി രംഗരാജന്‍ പരാതിയില്‍ പറഞ്ഞു. ആക്രമണം നടക്കുമ്പോള്‍ വീട്ടില്‍ തനിച്ചായിരുന്ന രംഗരാജന്റെ ആന്തരിക അവയവങ്ങള്‍ക്ക് പരിക്കുകള്‍ പറ്റിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം സുരക്ഷിതനാണെന്നും ആശുപത്രിയില്‍ തുടരുകയാണെന്നും പിതാവ് സൗന്ദരരാജന്‍ പറഞ്ഞു.

‘ഇക്ഷ്വാകു വംശത്തിന്റെ പിന്‍ഗാമികളാണെന്ന് സ്വയം പ്രഖ്യാപിച്ച്, സ്വന്തമായി നിയമങ്ങളുണ്ടാക്കി ആളുകളെ ശിക്ഷിക്കുന്നതിനായി സ്വകാര്യ സൈന്യങ്ങളെ സൃഷ്ടിച്ച് രാമരാജ്യം രൂപീകരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികളാണ് ആക്രമികള്‍. എന്റെ മകന്‍ അവരുമായി ആശയവിനിമയത്തിന് താത്പര്യമില്ലെന്ന് പറഞ്ഞു. തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്,’ സൗന്ദരരാജന്‍ പറഞ്ഞു.

‘രാമരാജ്യ സൈന്യത്തിന് നേതൃത്വം നല്‍കുന്ന പ്രധാന പ്രതിയായ വീര രാഘവ റെഡ്ഡിയെ ഞങ്ങള്‍ അറസ്റ്റ് ചെയ്തു. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്,’ ഇന്‍സ്‌പെക്ടര്‍ ജി. പവന്‍ കുമാര്‍ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും വ്യാപിച്ചുകിടക്കുന്ന രാമരാജ്യ സൈന്യത്തിന്റെ ഭരണാധികാരിയായിട്ടാണ് പ്രധാന പ്രതി സ്വയം വിശേഷിപ്പിക്കുന്നത്. തന്റെ വാക്ക് മാത്രമേ പാലിക്കാവൂ എന്നും പ്രതി പറയുന്നു. എട്ട് വര്‍ഷമായി നിലവിലുള്ള ഈ സംഘം ഉഗാദി ഉത്സവത്തിന് മുമ്പ് തങ്ങളുടെ ദൗത്യം അംഗീകരിക്കണമെന്നും അല്ലെങ്കില്‍ അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുമെന്നും രംഗരാജന് മുന്നറിയിപ്പ് നല്‍കിയതായും പൊലീസ് പറയുന്നു.

webdesk13:
whatsapp
line