മൊഹാലി: ലോകകപ്പാണ് മുന്നില്‍. ഇത് അവസാന പരീക്ഷണവുമാണ്. നാളെ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരായ ടി-20 പരമ്പരക്കിറങ്ങുമ്പോള്‍ സമ്മര്‍ദ്ദം പതിവിലുമധികം. സ്ഥിരക്കാരെ മാത്രം ഉള്‍പ്പെടുത്തി ടി-20 ലോകകപ്പ് സംഘത്തെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചതിലുള്ള പൊട്ടലും ചീറ്റലും തുടരുകയാണ്. അതിനിടെയാണ് അടുത്ത മാസത്തെ ചാമ്പ്യന്‍ഷിപ്പിനായുള്ള അവസാന ഒരുക്കവുമായി ഇന്ത്യ ഓസ്‌ട്രേലിയക്കെതിരായ ടി-20 പരമ്പരക്ക് ഇറങ്ങുന്നത്.
രാത്രി 7-30ന് നടക്കുന്ന അങ്കത്തിലെ പ്രസക്തി ഇന്ത്യന്‍ ലൈനപ്പാണ്. ഇനിയും പരീക്ഷണത്തിന് കോച്ച് രാഹുല്‍ ദ്രാവിഡ് മുതിരില്ല. നായകന്‍ രോഹിതിനൊപ്പം കെ.എല്‍ രാഹുല്‍ ഓപ്പണ്‍ ചെയ്യും. മൂന്നമനായി വിരാത് കോലി വരുമ്പോള്‍ അടുത്ത നമ്പറില്‍ സൂര്യകുമാര്‍ യാദവിനായിരിക്കും അവസരം. അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ റിഷാഭ് പന്തും ആറില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും കളിക്കുമ്പോള്‍ ഏഴാം സ്ഥാനമാണ് പ്രധാനം. ദിപക് ഹുദ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍ തുടങ്ങിയവരെല്ലാമുണ്ട്. കളി മൊഹാലിയിലാവുമ്പോള്‍ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഉറപ്പാണ്. മറുഭാഗത്ത് കളിക്കുന്നവര്‍ ഓസ്‌ട്രേലിയക്കാരാവുമ്പോള്‍ കാര്യങ്ങള്‍ ദ്രാവിഡും രോഹിതും എളുപ്പം കാണില്ലെന്നുറപ്പ്.