ഏകീകൃതസിവില്‍കോഡിനെതിരെ സി.പി.എം നടത്തുന്നുവെന്ന് പറയുന്ന ജൂലൈ 15ലെ സെമിനാറില്‍ പാര്‍ട്ടിയുടെ പേരില്ല. സി.പി.എം സംസ്ഥാനസെക്രട്ടറിയാണ് പാര്‍ട്ടികള്‍ക്കും മതസാമൂഹികസംഘടനകള്‍ക്കും ക്ഷണക്കത്ത് അയച്ചത്. എന്നാല്‍ പാര്‍ട്ടിയുടെ പേരോ കമ്മിറ്റിയുടെ പേരോ കോഴിക്കോട്ടെ സെമിനാറിലില്ല. സി.പി.എം അഖിലേന്ത്യാസെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുമെന്ന് പറയുന്ന സെമിനാറില്‍ സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന്റെയും എളമരം കരീം എം.പിയുടെയും പേരുണ്ട്. സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷ സതീദേവിയുടെയും കോഴിക്കോട് മേയറുടെയും പേരുകളുമുണ്ടെങ്കിലും കോഴിക്കോട്ടെ സി.പി.എമ്മിന്റെ മുസ്്‌ലിംവനിതാ എം.എല്‍.എയുടെയോ മറ്റോ പേരില്ല. മുസ്്‌ലിം സ്ത്രീകളെ പൂര്‍ണമായും അവഗണിച്ചുള്ള സെമിനാറാണെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.
സെമിനാര്‍ സംഘടിപ്പിച്ചത് തന്നെ പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തിനെതിരാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. 1985ല്‍ ഏകസിവില്‍കോഡി നുവേണ്ടി ശക്തമായ വാദിച്ച പാര്‍ട്ടിയാണ് സി.പി.എം. ശരീഅത്ത് തിരുത്തിയെഴുതണമെന്ന് വരെ ആവശ്യപ്പെട്ടവര്‍ ഇപ്പോള്‍ ശരീഅത്ത് സംരക്ഷിക്കണമെന്നും ഏകസിവില്‍കോഡ് വേണ്ടെന്നും വാദിക്കുന്നതിലെ കാപട്യം ചര്‍ച്ചയാണ്. മുസ്്‌ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചെങ്കിലും കോണ്‍ഗ്രസിനെ ക്ഷണിക്കാത്തതും മറ്റും ചൂണ്ടിക്കാട്ടി പാര്‍ട്ടി ക്ഷണം നിരസിക്കുകയായിരുന്നു. അതേസമയം ദേശീയസെമിനാര്‍ എന്ന് പേരിട്ടിട്ടും ദേശീയതലത്തിലെ മറ്റാരും പങ്കെടുക്കാത്തതും പരിഹാസവിഷയമാണ്.
ഇരുസമസ്തകളെയും സെമിനാറിലേക്ക് ക്ഷണിക്കുകയും അവര്‍ പങ്കെടുക്കുകയും ചെയ്യുമെന്നതാണ് മുസ്്‌ലിം സ്ത്രീകളെ ഒഴിവാക്കാനായി പറയുന്ന കാരണം. തങ്ങള്‍ ഏകസിവില്‍കോഡിന് എതിരാണെന്ന് പറയുന്നത് നുണയാണെന്നും കമ്യൂണിസ്റ്റ് ആശയത്തിനുള്ള പാതകമാണെന്നും പ്രമുഖ ഇടതുപക്ഷചിന്തകന്‍ എം.ആസാദ് അഭിപ്രായപ്പെട്ടു. ആണധികാരസെമിനാറെന്നാണ് ആസാദ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. കാലിക്കറ്റ് യൂണി.സി.എച്ച് ചെയര്‍ ഡയറക്ടര്‍ ഖാദര്‍ പാലാഴിയടക്കമുള്ളവരും പരിഹാസവുമായി രംഗത്തെത്തി. സുന്നിസംഘടനകളുടെ ഐക്യം ചര്‍ച്ചാവിഷയമായ ഘട്ടത്തിലും ലോക്‌സഭാതെരഞ്ഞെടുപ്പ് അടുത്തതിനാലുമാണ് സി.പി.എം ഏകസിവില്‍കോഡ് സെമിനാറുമായി രംഗത്തുവന്നതെന്നാണ് ആരോപണം.