ദമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിനു സമീപം കിഴക്കന്‍ ഗൗത്വയില്‍ റഷ്യ അഞ്ച് മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷവും ഷെല്ലാക്രമണവും വ്യോമാക്രമണവും തുടര്‍ന്നതായി റിപ്പോര്‍ട്ട്. നഗരത്തില്‍ കെടുതി അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിന് സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് റഷ്യ അക്രമങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം പ്രഖ്യാപിച്ചത്. എന്നാല്‍ അതിനുശേഷവും സിറിയന്‍ സേന വ്യോമാക്രമണം നടത്തിയതായി വിമതര്‍ ആരോപിക്കുന്നു. സാധാരണക്കാര്‍ക്ക് പുറത്തുപോകാന്‍ സൗകര്യമൊരുക്കുന്നതിന് ഒരുക്കിയ മാനുഷിക ഇടനാഴിക്കുനേരെ വിമതര്‍ ഷെല്ലാക്രമം നടത്തുകയായിരുന്നുവെന്ന് ഭരണകൂടം പറയുന്നു.
തുടര്‍ന്ന് മേഖലയിലേക്ക് സഹായമെത്തിക്കാനോ രോഗികളെ ചികിത്സക്കായി പുറത്തേക്ക് കൊണ്ടുപോകാനോ സാധിച്ചില്ല. സാധാരണ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിമതര്‍ തടയുകയാണെന്ന് റഷ്യയും കുറ്റപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ റഷ്യ അക്രമങ്ങള്‍ക്ക് താല്‍ക്കാലി വിരാമം പ്രഖ്യാപിച്ച ശേഷവും പോരാട്ടം തുടര്‍ന്നതായി യു.എന്‍ വക്താവും അറിയിച്ചു. കിഴക്കന്‍ ഗൗത്വയില്‍ കഴിഞ്ഞ രാത്രി പൊതുവെ ശാന്തമായിരുന്നുവെന്നാണ് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു. ദൗമയിലെ ഷെല്ലാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി സിറിയന്‍ സിവില്‍ ഡിഫന്‍സ് വെളിപ്പെടുത്തി.
10 ദിവസമായി കിഴക്കന്‍ ഗൗത്വയില്‍ തുടരുന്ന വ്യോമാക്രമണങ്ങളില്‍ 568 സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. സിറിയയില്‍ 30 ദിവസം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ നിര്‍ദേശിക്കുന്ന പ്രമേയം യു.എന്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രയോഗത്തില്‍ വന്നിട്ടില്ല. വെടിനിര്‍ത്തല്‍ ആരംഭിക്കുന്നതിന് നിശ്ചിത സമയം പറഞ്ഞിട്ടില്ലെന്നതാണ് അതിനുള്ള പ്രധാന തടസ്സം.