X

കിഴക്കന്‍ ഗൗത്വയില്‍ രാസായുധ പ്രയോഗവും

 

ദമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിനു സമീപം വ്യോമാക്രമണം തുടരുന്ന കിഴക്കന്‍ ഗൗത്വയില്‍ സൈന്യം വിഷവാതകം പ്രയോഗിച്ചതായി റിപ്പോര്‍ട്ട്. വിഷവാതകം ശ്വസിച്ച് ഒരു കുട്ടി മരിച്ചതായും നിരവധി പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായും വിമത വൃത്തങ്ങള്‍ പറയുന്നു. ദമസ്‌കസിനു സമീപം വിമതരുടെ നിയന്ത്രണത്തിലുള്ള അവസാന കേന്ദ്രമായ കിഴക്കന്‍ ഗൗത്വയില്‍ സിറിയന്‍ സേന ഒരാഴ്ചയിലേറെയായി തുടരുന്ന വ്യോമാക്രമണങ്ങളില്‍ 500ലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
യു.എന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ആക്രമണത്തിന് കുറവുണ്ടായിട്ടില്ലെന്ന് വിമതര്‍ ആരോപിക്കുന്നു. അതിനിടെയാണ് രാസായുധം പ്രയോഗിച്ചുവെന്ന പുതിയ വാര്‍ത്ത. ആക്രമണത്തെ തുടര്‍ന്ന് നിരവധി കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ശ്വാസതടസ്സം നേരിട്ടതായി വൈറ്റ് ഹെല്‍മറ്റ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന വിമത സന്നദ്ധ സംഘടന അറിയിച്ചു. കിഴക്കന്‍ ഗൗത്വയിലേക്ക് കടക്കുന്നതിന് മുന്നോടിയായി നഗരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍നിന്ന് സൈന്യം ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഷെല്‍വര്‍ഷവും വ്യോമാക്രമണവും തുടരുന്നതല്ലാതെ നഗരത്തിലേക്ക് കടക്കാന്‍ സൈന്യത്തിന് ഇതുവരെയും സാധിച്ചിട്ടില്ല. തിങ്കളാഴ്ച മാത്രം 16 സാധാരണക്കാര്‍ ഷെല്ലാക്രമണത്തില്‍ മരിച്ചു. 2013ല്‍ വിമതരുടെ നിയന്ത്രണത്തിലായതു മുതല്‍ നഗരം സിറിയന്‍ ഭരണകൂടത്തിന്റെ ഉപരോധത്തിലാണ്.

chandrika: