സിറിയയിലെ ബശ്ശാറുല്‍ അസദ് ഭരണകൂടത്തിന്റെ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി വനിതാ സൈനികര്‍. വേശ്യകള്‍ എന്ന പോലെയാണ് സീനിയര്‍ ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്നും രാജ്യത്തിനു വേണ്ടി പോരാടാനിറങ്ങിയ തങ്ങളുടെ ഭക്ഷണവും പണവും പാനീയവും ഉദ്യോഗസ്ഥര്‍ മോഷ്ടിക്കുകയാണെന്നും യൂട്യൂബിലൂടെ പുറത്തുവിട്ട വീഡിയോയില്‍ മൂന്ന് വനിതാ സൈനികര്‍ ആരോപിച്ചു. ബ്രിഗേഡ് 130-ലെ ‘സീക്രട്ട് പാന്തേഴ്‌സ്’ വിഭാഗത്തിലെ വനിതകളാണ് പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.
‘രാജ്യത്തെയും പ്രസിഡണ്ടിനെയും പ്രതിരോധിക്കാന്‍ വേണ്ടിയാണ് സിവിലിയന്‍ ജീവിതം ഉപേക്ഷിച്ച് ഞങ്ങള്‍ പട്ടാളത്തില്‍ ചേര്‍ന്നത്. അല്ലാതെ വേശ്യാവൃത്തിയില്‍ ചേരാനല്ല’ വനിതാ ഉദ്യോഗസ്ഥ വീഡിയോയില്‍ റയുന്നു. ‘130 ബ്രിഗേഡിലെ ഓഫീസര്‍ സൈന്യത്തിലെ സ്ത്രീകളെ സ്വന്തം താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുകയും പരസ്പരം കൈമാറുകയുമാണ്. ഒരു പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടാല്‍ അവര്‍ അവളെ കൂടെ നിര്‍ത്തും. വഴങ്ങിയില്ലെങ്കില്‍ തരംതാഴ്ത്തും.’ മറ്റൊരു ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍.
മൂന്ന് മക്കളുടെ മാതാവായ ഒരു സൈനിക, മക്കളെ കാണാന്‍ അവധി ചോദിച്ചപ്പോള്‍ ‘നിന്നെ കാണാന്‍ കൊള്ളില്ല. അതുകൊണ്ട് ലീവില്ല’ എന്നാണ് ഒരു ഓഫീസര്‍ പ്രതികരിച്ചത്. ഇതേപ്പറ്റി പരാതി പറയാന്‍ കേണല്‍ ജനറലിന്റെ അടുത്തു ചെന്നപ്പോള്‍ തൊഴിച്ചു പുറത്താക്കുകയാണുണ്ടായത്.