X

സിറിയ യുദ്ധം: പുടിന് തുര്‍ക്കി, ഇറാന്‍ പിന്തുണ

മോസ്‌കോ: സിറിയന്‍ സമാധാന ചര്‍ച്ച സമ്മേളനത്തിന് റഷ്യയില്‍ വേദിയൊരുക്കാന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് തുര്‍ക്കിയും ഇറാനും പിന്തുണ പ്രഖ്യാപിച്ചു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും കരിങ്കടല്‍ സുഖവാസ കേന്ദ്രമായ സോച്ചിയിലെത്തി പുടിനെ കണ്ടു.
സോച്ചിയില്‍ നടത്താന്‍ തീരുമാനിച്ച സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് സിറിയന്‍ ഭരണകൂടത്തോടും വിമതവിഭാഗങ്ങളോടും അവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സിറിയയിലെ രക്തചൊരിച്ചില്‍ അവസാനിപ്പിക്കുന്നതില്‍ ക്രിയാത്മക പങ്കുവഹിക്കാന്‍ റഷ്യക്കും തുര്‍ക്കിക്കും ഇറാനും സാധിക്കുമെന്ന് ഉര്‍ദുഗാന്‍ അഭിപ്രായപ്പെട്ടു.
സോച്ചിയിലെ സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മൂന്ന് നേതാക്കളും തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സിറിയന്‍ പ്രസിഡന്റ് ബഷാറുല്‍ അസദ് രാജിവെച്ച് പുറത്തുപോകാതെ ആഭ്യന്തര യുദ്ധം അവസാനിക്കില്ലെന്ന നിലപാടില്‍ വിമതരും സഊദി അറേബ്യ അടക്കമുള്ള രാജ്യങ്ങളും ഉറച്ചുനില്‍ക്കുകയാണ്. അതിനിടെയാണ് പുടിന്‍, ഉര്‍ദുഗാന്‍, റൂഹാനി കൂടിക്കാഴ്ച സോച്ചിയില്‍ നടന്നത്. അസദിന്റെ എതിരാളികളെ അനുകൂലിച്ചിരുന്ന ഉര്‍ദുഗാന്‍ പുടിനെ കാണാനെത്തിയത് വഴിത്തിരിവിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. സമാധാനം യാഥാര്‍ത്ഥ്യമാക്കുന്നതിന് പുതിയ രാഷ്ട്രീയ പ്രക്രിയക്ക് തുടക്കം കുറിച്ച് മറ്റൊരു ഘട്ടത്തിലേക്ക് തങ്ങള്‍ എത്തിയതായി പുടിന്‍ പറഞ്ഞു. സിറിയന്‍ ഭരണകൂടം ഉള്‍പ്പെടെ പ്രശ്‌നത്തിലെ കക്ഷികളെല്ലാം വിട്ടുവീഴ്ചക്കും അനുരഞ്ജനത്തിനും തയാറാകേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യ, തുര്‍ക്കി, ഇറാന്‍ സൈനിക കമാന്‍ഡര്‍മാരും വിദേശകാര്യ മന്ത്രിമാരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
അസദ് ഭരണകൂടത്തിന്റെ അനുമതിയില്ലാതെ സിറിയയില്‍ വിദേശ സൈനികര്‍ തുടരുന്നത് പൊറുപ്പിക്കാനാവില്ലെന്ന് റൂഹാനി പറഞ്ഞു. സോച്ചിയില്‍ അസദുമായി കൂടിക്കാഴ്ച നടത്തി ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് തുര്‍ക്കി, ഇറാന്‍ നേതാക്കളെ പുടിന്‍ ചര്‍ച്ചക്ക് ക്ഷണിച്ചത്.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ്, ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തുടങ്ങിയ രാഷ്ട്രത്തലവന്മാരുമായി പുടിന്‍ ഫോണില്‍ സംസാരിക്കുകയും ചെയ്തു.

chandrika: