ദമസ്‌കസ്: സിറിയയില്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ സൈന്യം കിഴക്കന്‍ ഗൂതയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഡസന്‍ കണക്കിന് സിവിലിയന്‍മാര്‍ക്ക് പരിക്കേറ്റതായി സിറിയന്‍ മനുഷ്യാവകാശ സംഘടനയായ എസ്.ഒ.എച്ച്.ആര്‍ അറിയിച്ചു. വിമതരുടെ പിടിയിലുണ്ടായിരുന്ന കിഴക്കന്‍ ഗൂതയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച സാധാരണക്കാര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞ ദിവസങ്ങളില്‍ ആയിരക്കണക്കിന് സിവിലിയന്‍മാരാണ് കിഴക്കന്‍ ഗൂതയില്‍ നിന്നും പലായനം ചെയ്തത്. ശനിയാഴ്ച മാത്രം 10,000 പേര്‍ ഗൂതയടക്കം ദമസ്‌കസിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്നും പലായനം ചെയ്തതായി യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഗ്രൂപ്പ് അറിയിച്ചു. വെള്ളിയാഴ്ച കഫ്ര്‍ ബത്‌ന ജില്ലയില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ആറു കുട്ടികളടക്കം 46 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച മാത്രം 13,000 പേര്‍ ഇവിടെ നിന്നും പലായനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസം 18 മുതല്‍ റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സൈന്യം വ്യോമാക്രമണം ശക്തമാക്കിയതോടെയാണ് കിഴക്കന്‍ ഗൂതയില്‍ സിവിലിയന്‍മാരുടെ ജീവിതം നരക തുല്യമായത്.
തുടര്‍ച്ചയായ വ്യോമാക്രമണത്തില്‍ 1250 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. നേരത്തെ വിമത നിയന്ത്രണത്തിലായിരുന്ന കിഴക്കന്‍ ഗൂത 2013 മുതല്‍ ബഷര്‍ സൈന്യത്തിന്റെ ഉപരോധത്തിന് കീഴിലാണ്. സൈന്യത്തിന്റെ ഉപരോധം കാരണം ഭക്ഷണവും മരുന്നുമടക്കം അവശ്യ സാധനങ്ങള്‍ കിട്ടാക്കനിയായതോടെ 400,000 പേരാണ് ഇവിടം ഉപേക്ഷിച്ച് സുരക്ഷിത താവളം തേടി പോയത്. അന്താരാഷ്ട്ര സമൂഹത്തിന്റെ അഭ്യര്‍ത്ഥനകള്‍ ചെവികൊള്ളാതെ അസദ് സൈന്യം മേഖലയുടെ ആധിപത്യത്തിനായി റഷ്യയുടെ സഹായത്തോടെയുള്ള വ്യോമാക്രമണം രൂക്ഷമാക്കിയിരിക്കുകയാണ്. ഗൂതക്കു പുറമെ ഹമൗറിയയിലും ആക്രമണം രൂക്ഷമാണ്.
അതിനിടെ യു.എന്‍ അഭ്യര്‍ത്ഥന പ്രകാരം 25 ലോറി ഭക്ഷ്യ വസ്തുക്കള്‍ കിഴക്കന്‍ ഗൂതയിലെ ദൂമയിലേക്ക് എത്തിക്കാന്‍ അന്താരാഷ്ട്ര റെഡ്‌ക്രോസിന് ബഷര്‍ അല്‍ അസദ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. 125,000 പേര്‍ അധിവസിക്കുന്ന മേഖലയില്‍ ഈ ഭക്ഷ്യ വസ്തുക്കള്‍ എത്ര ദിവസത്തേക്ക് നീണ്ടു നില്‍ക്കുമെന്ന കാര്യം അവ്യക്തമാണെന്ന് റെഡ്‌ക്രോസ് അംഗങ്ങള്‍ തന്നെ പറയുന്നു. സിറിയയില്‍ ബഷര്‍ അല്‍ അസദിന്റെ സര്‍ക്കാറും വിമതരും തമ്മിലുള്ള ആഭ്യന്തര പോരാട്ടം വ്യാഴാഴ്ച ഏഴു വര്‍ഷം പിന്നിട്ടു. ഇതുവരെ 465,000 പേര്‍ കൊല്ലപ്പെട്ടതായാണ് യു.എന്‍ റിപ്പോര്‍ട്ട്. ലക്ഷക്കണക്കിന് പേരാണ് ഭവന രഹിതരായി വിവിധ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നത്.