ന്യൂയോര്‍ക്ക്: സിറിയക്കെതിരെ അമേരിക്ക ഇനിയും ആക്രമണത്തിനു മുതിര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗത്തില്‍ റഷ്യയും അമേരിക്കയും കൊമ്പുകോര്‍ത്തു. സിറിയയിലെ ഷേറാത്ത് സൈനിക താവളത്തില്‍ അമേരിക്ക മിസൈലാക്രമണം നടത്തിയ ശേഷം റഷ്യയുടെ ആവശ്യപ്രകാരമാണ് രക്ഷാസമിതി യോഗം ചേര്‍ന്നത്.
യു.എസ് ആക്രമണത്തെ റഷ്യയുടെ യു.എന്‍ ഡെപ്യൂട്ടി അംബാസഡര്‍ വഌദ്മിര്‍ സഫ്‌റന്‍കോവ് ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇത്. അന്താരാഷ്ട്രതലത്തിലും മേഖലയിലും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എന്നാല്‍ മിസൈലാക്രമണങ്ങള്‍ തികച്ചും നീതിപൂര്‍വകമാണെന്ന് യു.എസ് അംബാസഡര്‍ നിക്കി ഹാലി വ്യക്തമാക്കി. കൂടുതല്‍ സൈനിക നടപടികള്‍ക്ക് യു.എസ് സജ്ജമാണ്. അളന്നുമുറിച്ച നടപടിയാണ് അമേരിക്ക എടുത്തിരിക്കുന്നത്. കൂടുതല്‍ വേണമെങ്കില്‍ യു.എസ് ഇനിയും ഒരുക്കമാണ്. എന്നാല്‍ ഇപ്പോഴത് അനിവാര്യമാണെന്ന് തോന്നുന്നില്ല-ഹാലി പറഞ്ഞു. ഖാന്‍ ശൈഖൂനില്‍ 88 പേര്‍ കൊല്ലപ്പെട്ട രാസായുധ ആക്രമണത്തിന് സിറിയ ഉപയോഗിച്ച വ്യോമതാവളമാണ് മിസൈലാക്രമണത്തില്‍ തകര്‍ത്തതെന്നും അവര്‍ അവകാശപ്പെട്ടു. എന്നാല്‍ ആറു വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിന് രാഷ്ട്രീയ പരിഹാരം കാണാന്‍ അന്താരാഷ്ട്ര സമൂഹത്തെ നിര്‍ബന്ധിക്കുന്ന ഘട്ടമാണ് ഇതെന്നും ഹാലി വ്യക്തമാക്കി. കിരാതവും നിന്ദ്യമായ കടന്നാക്രമണവുമെന്നാണ് യു.എസ് ആക്രമണത്തെ സിറിയന്‍ ഡെപ്യൂട്ടി അംബാസഡര്‍ മുന്‍ളര്‍ മുന്‍ളര്‍ വിശേഷിപ്പിച്ചത്. ഭാവിയില്‍ കൂടുതല്‍ രാസായുധങ്ങള്‍ പ്രയോഗിക്കാന്‍ ഭീകരവാദ ഗ്രൂപ്പുകള്‍ക്ക് അത് ധൈര്യം നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. എന്നാല്‍ നിശ്ചയദാര്‍ഢ്യമുള്ള നേതാവാണ് താനെന്നും റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്റെ നിയന്ത്രണത്തില്‍നിന്ന് സ്വതന്ത്രനാണെന്നും ലോകത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു മിസൈലാക്രമണത്തിലൂടെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്ന് രാഷ്ട്രീയ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അമേരിക്കന്‍ മിസൈലാക്രമണം സിറിയന്‍ വ്യോമതാവളത്തില്‍ വന്‍ നാശം വിതച്ചെന്ന റിപ്പോര്‍ട്ടുകള്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം തള്ളി.
23 മിസൈലുകള്‍ മാത്രമാണ് വ്യോമതാവളത്തില്‍ പതിച്ചത്. റണ്‍വേകള്‍ക്ക് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല. ഭൂതല-വ്യോമ റോക്കറ്റ് ലോഞ്ചറുകളും റഡാര്‍ സംവിധാനങ്ങളുമെല്ലാം കേടുപാടില്ലാതെ ഉണ്ടെന്നും മന്ത്രാലയം അറിയിച്ചു. യു.എസ് വ്യോമാക്രമണം നടന്ന് 24 മണിക്കൂര്‍ പിന്നിടുന്നതിനുമുമ്പ് തന്നെ ഈ താവളത്തില്‍നിന്ന് സിറിയന്‍ പോര്‍വിമാനങ്ങള്‍ പറന്നുയര്‍ന്ന് വിമത കേന്ദ്രങ്ങളില്‍ ബോംബുവര്‍ഷിച്ചു. നാശനഷ്ടത്തിന്റെ വ്യാപ്തി എത്രയായാലും സിറിയന്‍ യുദ്ധത്തിലെ അമേരിക്കന്‍ പങ്കാളിത്തത്തില്‍ പുതിയ സംഭവം വഴിത്തിരിവുണ്ടാക്കിയിരിക്കുകയാണ്.
- 8 years ago
chandrika
Categories:
Culture