ന്യൂയോര്‍ക്ക്: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിനു സമീപം കിഴക്കന്‍ ഗൂതയില്‍ യുദ്ധകുറ്റകൃത്യങ്ങള്‍ നടന്നതായി യു.എന്‍ മനുഷ്യാവകാശ മേധാവി സെയ്ദ് റഅദ് അല്‍ ഹുസൈന്‍. സിറിയയില്‍ കണ്ടുകൊണ്ടിരിക്കുന്നത് യുദ്ധകുറ്റകൃത്യങ്ങളാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത അടിയന്ത യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
രണ്ടാഴ്ചക്കിടെ വ്യോമാക്രമണങ്ങളില്‍ 674 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കിഴക്കന്‍ ഗൂതയിലെ സ്ഥിതിഗതികളില്‍ഹുസൈന്‍ ആശങ്ക പ്രകടിപ്പിച്ചു. യുദ്ധകുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കോടതിയെ സമീപിക്കാന്‍ നടപടി പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. സാധാരണക്കാര്‍ക്കുമേല്‍ ബോംബ് വര്‍ഷിക്കുന്നതും സഹായം എത്തിക്കുന്നത് തടയുന്നതും യുദ്ധകുറ്റകൃത്തിന്റെ പരിധിയില്‍ വരുമെന്ന് ഹുസൈന്‍ ചൂണ്ടിക്കാട്ടി.
മേഖലയില്‍ യു.എന്‍ രക്ഷാസമിതി അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിട്ടും ഫലമുണ്ടായിട്ടില്ല. കിഴക്കന്‍ ഗൂതയില്‍നിന്ന് സാധാരണക്കാര്‍ക്ക് പുറത്തുപോകാന്‍ സൗകര്യമൊരുക്കുന്നതിന് റഷ്യ അഞ്ച് മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. അതും ഫലം കണ്ടിട്ടില്ലെന്ന് നഗരവാസികള്‍ പറയുന്നു. സിറിയന്‍ സൈനിക ഉപരോധത്തെ തുടര്‍ന്ന് ഭക്ഷ്യവസ്തുക്കള്‍ക്കും മരുന്നിനും കടുത്ത ക്ഷാമം നേരിടുന്നുണ്ട്. 12 ശതമാനം കുട്ടികള്‍ പോഷകാഹാരക്കുറവിനെ തുടര്‍ന്ന് അവശരാണെന്ന് യു.എന്‍ പറയുന്നു.