X

പിഞ്ചോമനകളുടെ ജീവനറ്റ ശരീരമേന്തി ഒരു പിതാവ്; സിറിയന്‍ യുദ്ധവെറിയുടെ ബാക്കിപത്രം

ദമസ്‌കസ്: പ്രസിഡന്റ് ബഷാറുല്‍ അസദിനെ അധികാരഭ്രഷ്ടനാക്കുന്നതിന് സിറിയന്‍ മണ്ണില്‍ തുടരുന്ന ആഭ്യന്തരയുദ്ധത്തിന് ഇനിയും അറുതിയായിട്ടില്ല. രക്തച്ചൊരിച്ചിലുകളുടെ നീണ്ട ആറു വര്‍ഷം ലോകത്തിന് എന്തു ബാക്കിയാക്കി എന്ന ചോദ്യത്തിന് ഹൃദയഭേദകമായ ചില ചിത്രങ്ങള്‍ മാത്രമാണ് ഉത്തരം. രാസായുധ ആക്രമണത്തില്‍ അബ്ദെല്‍ ഹമീദ് അല്‍യൂസഫ് എന്ന യുവാവ് തന്റെ ഇരട്ടക്കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരം കൈയ്യിലേന്തി പൊട്ടിക്കരയുന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി പുറത്തുവന്നത്. അസോസിയേറ്റ് പ്രസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ഈ ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാണ്.

നേരത്തെ മണല്‍ത്തരികളില്‍ മുഖം പൂഴ്ത്തി കിടക്കുന്ന ഐലന്‍ ഖുര്‍ദിയുടെ ചിത്രം ലോകമനസാക്ഷിയെ ഞെട്ടിച്ചിരുന്നു. ബാല്യം വിടും മുമ്പേ യുദ്ധവെറിയില്‍ ജീവന്‍ നഷ്ടമായ ഐലന്‍ മനസ്സാക്ഷിയുള്ളവരുടെ വേദനകളിലൊന്നായി ഇന്നും അവശേഷിക്കുന്നു.
വിമതരും അസദ് ഭരണകൂടവും തമ്മിലുള്ള പോരാട്ടത്തില്‍ ഇതുവരെ 15000 കുഞ്ഞുങ്ങള്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. യു.എന്‍ കണക്കുകള്‍പ്രകാരമാണിത്. എന്നാല്‍ അനൗദ്യോഗിക കണക്ക് ഇതിലും കൂടുതലായിരിക്കും. ചിത്രത്തില്‍ കാണുന്ന ഇരട്ടക്കുട്ടികളുടെ പിതാവ് അല്‍യൂസഫിന്റെ 15 ബന്ധുക്കളും രാസായുധ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം.

chandrika: