മുജീബ് കെ. താനൂര്‍
2022ല്‍ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പ് അട്ടിമറിയൊന്നും സംഭവിച്ചില്ലെങ്കില്‍ എന്‍.ഡി. എ സ്ഥാനാര്‍ത്ഥി പരാജയം രുചിച്ചറിയുമെന്നു പറയപ്പെടുന്നു. ഇപ്പോഴത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെതന്നെ വീണ്ടും മത്സരിപ്പിച്ചാലും എന്‍.ഡി.എ മുന്നണി രക്ഷപ്പെടില്ലയെന്നാണ് വിലയിരുത്തല്‍. 1969 ലെ ‘സിന്‍ഡിക്കേറ്റ് ഗന്ധം’ അടുത്തുവരാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിലും വമിക്കാന്‍ സാഹചര്യമൊരുങ്ങുകയാണ്. ഭരിക്കുന്ന കക്ഷിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ട ആദ്യ തെരഞ്ഞെടുപ്പ് 1969 ല്‍ ആയിരുന്നു. അന്ന് കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നീലം സഞ്ജീവ റെഡ്ഡി പരാജയപ്പെടുകയായിരുന്നു. ഇന്ദിരാഗാന്ധി നിര്‍ത്തിയ സ്ഥാനാര്‍ത്ഥി വി.വി ഗിരിയായിരുന്നു അന്ന് വിജയിച്ചത്. ഇന്ദിരയ്‌ക്കെതിരെ രൂപംകൊണ്ട കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റായിരുന്നു അന്ന് നീലം സഞ്ജീവറെഡ്ഡിയെ പിന്തുണച്ചിരുന്നത്. അതീവ രഹസ്യമായി ഇന്ദിരാഗാന്ധി നടത്തിയ രാഷ്ട്രീയ നീക്കം വി.വി ഗിരിക്കു വിജയം നേടിക്കൊടുക്കുകയായിരുന്നു. ഒരു ശതമാനത്തോളം വോട്ടു മൂല്യം ലഭിച്ച നേരിയ ഭൂരിപക്ഷമായിരുന്നു അന്ന് വി.വി ഗിരിക്ക് ലഭിച്ചത്. ഇന്ദിരയുടെ മനസ്സാക്ഷി വോട്ട് പ്രഖ്യാപനത്തോടെ സിന്‍ഡിക്കേറ്റ് കോണ്‍ഗ്രസ് മോഹം തകരുകയായിരുന്നു.
കേരളത്തിലെ യു.ഡി.എഫ് സംവിധാനത്തിനു തറക്കല്ലിടുന്നത് കൂടിയായിരുന്നു അന്നത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് അധ്യക്ഷന്‍ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബുമായി ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ സഖ്യ ചര്‍ച്ചയും മറ്റും രൂപാന്തരപ്പെട്ടത് ഇതോടുകൂടിയാണ്. വി.വി ഗിരിയുടെ തെരഞ്ഞെടുപ്പ് വിജയ വാര്‍ത്ത പുറത്തുവന്ന ഉടനെ ഇന്ദിരാഗാന്ധിയും വി.വി ഗിരിയും ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിനെ വിളിച്ചു നന്ദി പറയുകയുമുണ്ടായി. കേരളത്തില്‍ കോണ്‍ഗ്രസ് വിരുദ്ധമായ സപ്ത കക്ഷി മുന്നണിയില്‍ അംഗമായിരുന്നിട്ടുപോലും ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിക്കായിരുന്നു മുസ്‌ലിംലീഗ് അന്ന് വോട്ടു രേഖപ്പെടുത്തിയത്. കേരളത്തില്‍ രാഷ്ട്രീയ സമവാക്യം മാറിമറിയുകയും ഐക്യജനാധിപത്യ മുന്നണി നിലവില്‍വരുന്നതും ഈ രാഷ്ട്രപതി തെരെഞ്ഞുടുപ്പിലെ അലയൊലിയുടെ ഭാഗമായിരുന്നു.
അതേവിധം ഇത്തവണ ഭരണ കക്ഷി ആദ്യമായി തോല്‍വിയുടെ രുചിയറിയുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ദേശീയതലത്തില്‍ വളരെ നിശബ്ദമായി നടക്കുന്ന ബി.ജെ.പി വിരുദ്ധ മനോഭാവം ഈ രാഷ്ട്രപതി തെരഞ്ഞെടുപ്പോടെ ശക്തിപ്പെടാനാണ് സാധ്യത. ബി.ജെ.പിക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെയാണ് പ്രതിപക്ഷം ഒരുക്കിനിര്‍ത്തിയിരിക്കുന്നത്. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി ശരത്പവാര്‍ മത്സരിക്കാനാണ് സാധ്യത. രാജ്യസഭയില്‍ എന്‍.ഡി.എക്കു ഭൂരിപക്ഷമില്ല. 2017 നെ അപേക്ഷിച്ചു ബി.ജെ.പിക്കു തലവേദന സൃഷ്ടിക്കുന്ന മറ്റു പല ഘടകങ്ങളുമുണ്ട്. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി മുന്നണിക്ക് ഭരണം നഷ്ടപ്പെട്ടു. മധ്യപ്രദേശിലും ബി.ജെ. പിക്കു പഴയ മുന്നേറ്റം നടത്താനാവില്ല. സഖ്യ കക്ഷികളായ ശിരോമണി അകാലിദള്‍, ശിവസേന എന്നീ കക്ഷികള്‍ ഇപ്പോള്‍ കൂടെയില്ല. 2022ല്‍ അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്. പഞ്ചാബ്, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഗോവ, ഝാര്‍ഖണ്ഡ് എന്നിവയില്‍ ബി.ജെ.പിക്കു പഴയ മേധാവിത്വം കിട്ടുമോ എന്ന് പാര്‍ട്ടിക്കുപോലും സംശയമാണ്. പശ്ചിമ ബംഗാള്‍ മുമ്പത്തേക്കാളും വലിയ തോതില്‍ ബി.ജെ.പി വിരുദ്ധത മമതയുടെ നേതൃത്വത്തില്‍ നടത്തിവരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പിനുശേഷം മമതയും പവാറുമെല്ലാം കോണ്‍ഗ്രസ് തറവാട്ടിലേക്ക് തിരിച്ചുവരുമെന്ന സൂചനകളും കണ്ടുതുടങ്ങിയിട്ടുണ്ട്. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥി തന്ത്രം മെനയാന്‍ പ്രശാന്ത് കിഷോര്‍ തുടങ്ങിയ രാഷ്ട്രീയ വിദഗ്ധര്‍ മുന്നിട്ടിറങ്ങിയതും പ്രതിപക്ഷ കക്ഷികളില്‍ ആവേശം വര്‍ധിപ്പിച്ചിട്ടുണ്ട്.
പ്രതിപക്ഷ കക്ഷികളില്‍ ഭിന്നത വരുത്തി വിജയം നേടുക എന്ന ദൗത്യത്തിനായി അമിത്ഷായുടെ നേതൃത്വത്തില്‍ ബി.ജെ.പിയും കളി തുടങ്ങിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബി.എസ്.പി നേതാവ് മായാവതിയെ വശത്താക്കാനാണ് ബി. ജെ.പി നീക്കം. കഴിഞ്ഞ തവണയും ബി.ജെ.പി മുന്നണി സ്ഥാനാര്‍ത്ഥി കോവിന്ദിനായിരുന്നു മായാവതിയുടെയും ബി.എസ്.പിയുടെയും പിന്തുണ. ദലിത് വിഭാഗത്തിലെ കോലിയ സമുദായത്തില്‍പെട്ട കോവിന്ദിനെ തങ്ങള്‍ പിന്തുണക്കുമെന്നായിരുന്നു അന്ന് മായാവതി പറഞ്ഞിരുന്നത്. മായാവതിയെ ഉപയോഗിച്ച് പ്രതിപക്ഷ നിരയില്‍ വിള്ളലുണ്ടാകാനാണിപ്പോഴും ശ്രമം നടന്നുവരുന്നത്. അവസാന നിമിഷം അറ്റകൈപ്രയോഗമെന്നോണം മായാവതിയെ മത്സരിപ്പിക്കാനും ബി.ജെ.പി ആലോചിക്കുന്നുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ ഭരണ കക്ഷിയുടെ സര്‍വ്വ സന്നാഹങ്ങളുമുപയോഗിച്ചിട്ടും കോണ്‍ഗ്രസിനെ നശിപ്പിക്കാനുള്ള ബി.ജെ.പി ശ്രമം വിജയിക്കുന്നില്ല എന്നതിന്പുറമെ പ്രിയങ്കഗാന്ധിയുടെ നേതൃത്വത്തില്‍ പ്രത്യേകിച്ചും യു.പി രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് വലിയതോതില്‍ സ്വാധീനം നേടുന്നതും ബി.ജെ.പിയെ അലോസരപ്പെടുത്തുന്നുണ്ട്. പാര്‍ട്ടിയില്‍ വിമത സ്വരം കനക്കുന്നതും ബി.ജെ.പിയെ ആശങ്കപ്പെടുത്തുന്നു.
മോദി-ഷാ തട്ടകത്തില്‍ പോലും പാര്‍ട്ടിക്കെതിരെ പല രൂപത്തില്‍ സംഘടനകള്‍ രൂപം കൊള്ളുന്നുണ്ട്. ഗുജറാത്തിലെ സന്ദേസര സഹോദരങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടി നിലപാട് വ്യാപകമായ എതിര്‍പ്പിനു കാരണമായിരിക്കുകയാണ്. പാന്‍ഡൊറ രേഖകളില്‍ ഇതുമായി ബന്ധപ്പെട്ട വര്‍ത്തയാണ് ബി.ജെ.പിക്കെതിരെ വിമതര്‍ ഉയര്‍ത്തിവരുന്നത്. ബാങ്കുകളില്‍നിന്ന് 15,000 കോടി രൂപയുടെ വായ്പ തട്ടിച്ച ഗുജറാത്ത് കമ്പനിയില്‍നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത് 5700 കോടി രൂപയുടെ അസംസ്‌കൃത എണ്ണയാണ്. അറസ്റ്റ് ഒഴിവാക്കാനായി വിദേശത്ത് ഒളിവില്‍ കഴിയുന്ന സ്‌റ്റെര്‍ലിങ് ബയോടെക്കിന്റെ ഉടമകളായ സന്ദേസര സഹോദരങ്ങളുടെ മറ്റൊരു കമ്പനിയില്‍ നിന്നാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഈ ഇറക്കുമതി. ഇവരുടെ ഉടമസ്ഥതയില്‍ വഡോദരയിലുള്ള ഫാര്‍മാ കമ്പനിയായ സ്‌റ്റെര്‍ലിങ്ങിനെതിരേ 2017ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുത്തിരുന്നു. ബാങ്ക് വായ്പകള്‍ തിരിമറി നടത്തിയതിനായിരുന്നു കേസ്. എന്നാല്‍ ഇതിനു മുമ്പുതന്നെ നിതിന്‍ സന്ദേസരയും ചേതന്‍ സന്ദേസരയും കുടുംബസമേതം രാജ്യം വിട്ടു. തുടര്‍ന്ന് അല്‍ബേനിയയും നൈജീരിയയും കേന്ദ്രമാക്കി ഇവര്‍ ബിസിനസ് തുടര്‍ന്നു.
ഒളിവിലുള്ള പ്രതികളായി രാജ്യം പ്രഖ്യാപിച്ചിരിക്കുമ്പോള്‍തന്നെയാണ് 2018 മുതല്‍ ഇവരില്‍നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തത്. നൈജീരിയ ആസ്ഥാനമാക്കി ഇവരുണ്ടാക്കിയ സീപ്‌കോ എന്ന കമ്പനി വഴിയായിരുന്നു ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം, ഐ.ഒ.സി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഇറക്കുമതി. രാജ്യത്തെ ഇവരുടെ ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചിരിക്കെയായിരുന്നു ഇത്. ഇന്ത്യയില്‍നിന്നു മുങ്ങിയശേഷം എണ്ണയിടപാടു നടത്തുന്നതിനായി ഇവര്‍ ബ്രിട്ടീഷ് വെര്‍ജിനിയ ദ്വീപുകളില്‍ ആറു സ്ഥാപനങ്ങള്‍ തുടങ്ങിയിരുന്നു. നൈജീരിയന്‍ ബാങ്കുകള്‍ ഇവര്‍ക്ക് സഹായവും നല്‍കി. വന്‍ കമ്പനികളും വ്യക്തികളും അവരുടെ രാജ്യങ്ങളില്‍ നികുതി ഒഴിവാക്കാനായി ഇത്തരം സ്ഥാപനങ്ങളുണ്ടാക്കുന്നതിന്റെ വിവരം പുറത്തുവിട്ട പാന്‍ഡൊറ രേഖകളിലാണ് സന്ദേസരമാരുടെ കാര്യവും പുറത്തായത്. ഇന്ത്യയുമായി ബിസിനസ് നടത്താന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കിത്തന്നെയാണ് സ്ഥാപനങ്ങളുണ്ടാക്കിയത്. എന്നാല്‍ ഇതേപ്പറ്റി സി.ബി. ഐയോ ഇ.ഡിയോ അന്വേഷിച്ചിട്ടില്ല. ബാങ്കുകളില്‍നിന്ന് തട്ടിയ പണം ഇവര്‍ വിദേശത്തെ കമ്പനികളിലേക്കു മാറ്റിയതായി ഇ.ഡി 2017ല്‍ കണ്ടെത്തിയിരുന്നു. സന്ദേസര സഹോദരങ്ങള്‍ക്ക് അധികാരകേന്ദ്രങ്ങളുമായുള്ള അടുപ്പം നേരത്തേ വാര്‍ത്തയായിരുന്നു. ബി.ജെ.പിയില്‍ മോദി-ഷാ വിരുദ്ധര്‍ എണ്ണ ഇറക്കുമതിയെപ്പറ്റി അന്വേഷിക്കണമെന്ന് ലഘുലേഖയിറക്കി ആവശ്യപ്പെട്ടിരുന്നത് നേരത്തെ വാര്‍ത്തയായിരുന്നു. കാര്യങ്ങള്‍ ബി.ജെ.പിയുടെ കണക്കുകൂട്ടലിലല്ല മുന്നോട്ടുപോകുന്നത്. ഇതുതന്നെയാണ് പ്രതിപക്ഷത്തിന് പ്രതീക്ഷ വര്‍ധിപ്പിക്കുന്നതും.