X

ജൂലൈ ഒന്ന് മുതല്‍ ഈ ബാങ്കിന്റെ ഐഎഫ്എസ്‌സി കോഡും ചെക്ക് ബുക്കും അസാധുവാകും

ഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്കായ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ഐഎഫ്എസ്‌സി കോഡും ചെക്ക് ബുക്കും ജൂലൈ ഒന്നുമുതല്‍ അസാധുവാകും. ജൂലൈ ഒന്നുമുതല്‍ നെഫ്റ്റും ആര്‍ടിജെഎസും വഴിയുള്ള ഇടപാടുകള്‍ക്ക് പുതിയ ഐഎഫ്എസ്‌സി കോഡ് ഉപയോഗിക്കണമെന്ന് ഇടപാടുകാര്‍ക്ക് കനറാ ബാങ്ക് നിര്‍ദേശം നല്‍കി. സിന്‍ഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കില്‍ ലയിച്ച പശ്ചാത്തലത്തിലാണ് കനറാ ബാങ്കിന്റെ നിര്‍ദേശം.

സിന്‍ഡിക്കേറ്റിന്റെ ചെക്ക് നല്‍കിയവര്‍ ജൂണ്‍ 30നകം സമര്‍പ്പിക്കണം. അല്ലാത്തപക്ഷം ചെക്ക് ബുക്കിന്റെ കാലാവധി അവസാനിക്കും. ശാഖയിലെത്തി ചെക്ക് മാറ്റി വാങ്ങാനും കനറാ ബാങ്ക് നിര്‍ദേശിച്ചു. സാമ്പത്തിക ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന പുതിയ ഐഎഫ്എസ്‌സി കോഡ് സിഎന്‍ആര്‍ബി എന്ന അക്ഷരത്തിലാണ് തുടങ്ങുക. നേരത്തെ ഇത് എസ്‌വൈഎന്‍ബി എന്ന പേരിലായിരുന്നു. കൂടാതെ പതിനായിരം എന്ന അക്കം നിലവിലുള്ള ഐഎഫ്എസ്‌സി കോഡ് നമ്പറിന്റെ കൂടെ ചേര്‍ക്കണമെന്നും കനറാ ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കനറാ ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറായ 18004250018ല്‍ ബന്ധപ്പെടാവുന്നതാണ്.

എല്ലാ സാമ്പത്തിക ഇടപാടുകളും ഇനി സിഎന്‍ആര്‍ബി എന്ന അക്ഷരത്തില്‍ തുടങ്ങുന്ന ഐഎഫ്എസ്‌സി കോഡ് ഉപയോഗിച്ചായിരിക്കും ചെയ്യാന്‍ സാധിക്കുക. വിദേശ വിനിമയ ഇടപാടുകള്‍ക്ക് സിന്‍ഡിക്കേറ്റ് ബാങ്ക് ഉപഭോക്താക്കള്‍ ഉപയോഗിച്ചിരുന്ന സ്വിഫ്റ്റ് കോഡ് സംവിധാനവും ഇനി ഉണ്ടാവില്ല. കനറാ ബാങ്കിന്റെ വെബ്‌സൈറ്റില്‍ കയറിയാല്‍ പുതിയ ഐഎഫ്എസ്‌സി കോഡ് അറിയാന്‍ സാധിക്കും. അല്ലെങ്കില്‍ കനറാ ബാങ്ക് ശാഖയില്‍ പോയി ചോദിച്ചാലും ഇത് അറിയാന്‍ സാധിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

Test User: