X

വായന ദിന സന്ദേശവുമായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

വായന ദിനത്തില്‍ സമൂഹമാധ്യമത്തില്‍ വായന സന്ദേശം പങ്കുവെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. വായനയുടെ നേട്ടങ്ങളും വായന സംസ്‌കാരം സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെയും കുറിച്ച് പറഞ്ഞ് തുടങ്ങിയ ഫേസ്ബുക്ക് കുറിപ്പ് പുസ്തകങ്ങളെ ഉറ്റ ചങ്ങാതിമാരാക്കി മാറ്റണമെന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.

വിവിധ മതവിശ്വാസികളും മതരഹിതരും രാഷ്ട്രീയപരമായി വ്യത്യസ്ത ചേരികളില്‍ നിലയുറപ്പിച്ചവരുമായ വ്യക്തികള്‍ക്ക് ഒന്നിച്ചിരിക്കാന്‍ കഴിയുന്ന മതേതര തുരുത്തുകളാണ് നമ്മുടെ വായനശാലകളെന്ന് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ജീവിത യാത്രയില്‍ ഇരുട്ടകറ്റാന്‍ നമ്മെ സഹായിക്കുന്ന ഊന്നുവടികളാണ് പുസ്തകങ്ങള്‍. ലോകത്തിന്റെ ചിന്താഗതികള്‍ മാറ്റിമറിച്ചതില്‍ പുസ്തകങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കരയിപ്പിക്കാനും കര്‍മോത്സകരാകാനുമുള്ള കരുത്തും ഉത്തമഗ്രന്ഥങ്ങള്‍ക്കുണ്ട്.

മണ്‍മറഞ്ഞ എഴുത്തുകാരും ദാര്‍ശനികരുമായ മഹാപ്രതിഭകളുടെ ചിന്തകളും സ്വപ്നങ്ങളും എന്താണെന്നറിയാന്‍ വായന മാത്രമാണ് കരണീയം.

മരണ ശേഷം ഒരാളെ ഓര്‍ക്കാന്‍ ഒന്നുകില്‍ പുസ്തകം രചിക്കണം, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് എഴുതാന്‍ പാകത്തില്‍ ജീവിക്കണം എന്ന സന്ദേശവും കൂടിയാണ് ഗ്രന്ഥങ്ങള്‍ നമ്മോട് ആവശ്യപ്പെടുന്നത്.

വായനശാലകള്‍ സര്‍വകലാശാലകള്‍ക്ക് തുല്യം എന്നാണ് തോമസ് കാര്‍ലൈന്‍ അഭിപ്രായപെട്ടത്. ലോകത്ത് വായനശാലകളുടെ കണക്കെടുപ്പില്‍ കേരളം ഏറെ മുന്‍പന്തിയിലാണ്. നാടാകെ ഗ്രന്ഥശാലകള്‍ സ്ഥാപിക്കാനും വായനയുടെ സംസ്‌കാരം പകരാനും ഓടി നടന്ന പി.എന്‍. പണിക്കരുടെ സേവനങ്ങള്‍ അവിസ്മരണീയമാണ്.

വിവിധ മതവിശ്വാസികളും മതരഹിതരും രാഷ്ട്രീയപരമായി വ്യത്യസ്ത ചേരികളില്‍ നിലയുറപ്പിച്ചവരുമായ വ്യക്തികള്‍ക്ക് ഒന്നിച്ചിരിക്കാന്‍ കഴിയുന്ന മതേതര തുരുത്തുകളാണ് നമ്മുടെ വായനശാലകള്‍.

ശ്വാസം നിലച്ചുപോകാതെ വയനാശാലകളെ പരിപോഷിപ്പിക്കേണ്ടത് പൊതു അജണ്ടയായി മാറണം. ലൈബ്രേറിയന്മാരുടെ തസ്തിക നികത്താന്‍ കഴിയാത്തതിനാല്‍ സ്‌കൂളുകളിലെ പുസ്തകങ്ങളില്‍ പൊടിപിടിക്കുമോ എന്ന ആശങ്ക നിലവിലുള്ളതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഗൗരവതരമാണ്.

വായന മരിക്കുന്നില്ല മറിച്ച് കടം കൊടുക്കേണ്ടി വരുമോയെന്നും മോഷണം പോകുമോ എന്നുമുള്ള ആശങ്കകള്‍ ഇല്ലാതെയും ഭാരം ചുമക്കേണ്ടതില്ല എന്ന സൗകര്യം ഉള്ളതിനാലും ഇ ബുക്കുകളിലേക്കുള്ള ഗതിമാറ്റമാണ് നടക്കുന്നത്.

അണയാ വിളക്കുകളായ പുസ്തകങ്ങളെ

ഉറ്റ ചങ്ങാതിമാരാക്കി മാറ്റാം.

 

webdesk13: