അകക്കണ്ണിന്റെ വെളിച്ചത്തിൽ കഠിനാധ്വാനത്തിലൂടെ കോളേജ് അധ്യാപിക പദവിയിലെത്തിയ പാലക്കാട് വല്ലപ്പുഴ സ്വദേശിനി നാഫിഅ സന്തോഷം പറയാൻ പാണക്കാട് വന്നു.ജന്മനാ തന്നെ കാഴ്ച്ച നഷ്ടപ്പെട്ട നാഫിഅ പ്രതിസന്ധികൾ നിറഞ്ഞ പഠന വഴികളെ കഠിനാധ്വാനത്തിലൂടെ തൻ്റേതാക്കി മാറ്റുകയായിരുന്നു.
എസ്.എസ്.എൽ.സി.ക്ക് എൺപത് ശതമാനത്തിലധികം മാർക്ക് നേടിയ നാഫിഅ മുസ്തഫ – നസീമ ദമ്പതികളുടെ ഇളയ മകളാണ്. കോഴിക്കോട് ഫറൂഖ് കോളേജിലാണ് ഡിഗ്രി പൂർത്തീകരിച്ചത്.തുടർന്ന് ഇസ്‌ലാമിക് സ്റ്റഡീസിന് മണ്ണാർക്കാട് എം ഇ എസ് കല്ലടി കോളേജിൽ PG അഡ്മിഷൻ നേടി.വിശ്രമരഹിത പഠനത്തിലൂടെ ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ നാഫിഅ ഇസ്‌ലാമിക് സ്റ്റഡീസിൽ യു.ജി.സി യുടെ ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് നേടുന്ന രാജ്യത്തെ ആദ്യ അന്ധ വിദ്യാർത്ഥിനിയായി.
കണ്ണ് കൊണ്ട് കാണാത്ത ലോകത്തെ അകക്കണ്ണ് കൊണ്ട് കീഴടക്കിയ നാഫിഅ മണ്ണാർക്കാട് എം ഇ എസ് കല്ലടി കോളേജിൽ അസിസ്റ്റൻ്റ് പ്രൊഫസറായി നിയമിതയായിരിക്കുന്നു. ആസാമിലെ ദാറുൽ ഹുദാ യൂണിവേഴ്സിറ്റിയുടെ ക്യാംപസിൽ അഡ്മിനിസ്ട്രേറ്ററായ നസീഫ് ഹുദവിക്കും കുടുംബാംഗങ്ങൾക്കുമൊപ്പം എത്തിയ നാഫിഅ യുടെ സന്തോഷത്തിൽ പങ്ക് ചേരാൻ സാധിച്ചതിൽ അഭിമാനമുണ്ട്. കഠിനാധ്വാനത്തിന് ഫലമുണ്ടെന്ന് തെളിയിച്ച നാഫിഅക്ക് അധ്യാപികയായി ഇനിയും ഉയരങ്ങളിലെത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നാഫിഅക്കും പഠന വഴിയിൽ അവർക്ക് ഉറച്ച പിന്തുണ നൽകി കുടെ നിന്നവർക്കും അഭിനന്ദനങ്ങൾ നേരുന്നു. തങ്ങൾ പറഞ്ഞു