ഡോ. അലി ഹുസൈന്‍ വാഫി
വിശ്വാസപരമായും സാമൂഹികമായും ഉത്കൃഷ്ടമായ സ്വയം ശാക്തികരിക്കപ്പെട്ടൊരു സമൂഹം പിറവി കൊള്ളണമെങ്കില്‍ പിന്നാക്ക ജനതകള്‍ ആചരിച്ച് വരുന്ന അനഭിലഷണീയമായ ചില സമ്പ്രദായങ്ങള്‍ ഉപേക്ഷിക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്യേണ്ടി വരും.സമൂഹം അത് എളുപ്പത്തില്‍ ഉള്‍ക്കൊള്ളില്ല.ശീലിച്ചു പോരുന്ന ചില സമ്പ്രദായങ്ങള്‍ക്ക് യുക്തിയുടേയോ പ്രത്യയ ശാസ്ത്രത്തിന്റേയോ പിന്‍ബലം ഇല്ലെങ്കില്‍ പോലും അത് പരിപാലിക്കാനും ശക്തിപ്പെടുത്താനുമാണ് സാധാരണ വ്യക്തികളും അവരുടെ നേതാക്കളും ഇഷ്ടപ്പെടുക. സമൂഹത്തിന്റെ അനിഷ്ടം നേരിടേണ്ടി വരുമോ എന്ന ഭീതിയില്‍ പരിഷ്‌കരണങ്ങള്‍ക്ക് മുതിരാതെ ജീവിതം ജീവിച്ച് തീര്‍ക്കുന്നവരാണധികവും.അത്തരം നേതാക്കളെ അവര്‍ ജീവിക്കുന്ന സമൂഹങ്ങള്‍ ആഘോഷിച്ചേക്കും,ജനപ്രിയ സംഘടനകള്‍ ഏറ്റെടുക്കും. പക്ഷേ,ദീര്‍ഘ വീക്ഷണമില്ലാത്ത നയങ്ങള്‍ നടപ്പിലാക്കുന്ന നേതാക്കളെ ശേഷം വരുന്ന തലമുറകള്‍ നിശിതമായ വിശകലനങ്ങള്‍ക്ക് വിധേയമാക്കും.
അതേസമയം,പ്രലോഭനങ്ങളില്‍ വീണ് പോകാതെ ജനതകള്‍ക്ക് ദിശ നിര്‍ണ്ണയിച്ച് നല്‍കാന്‍ ജീവിതം മാറ്റിവെക്കുന്ന ചില വ്യക്തിത്വങ്ങളുണ്ടാകാറുണ്ട്.തങ്ങളുടെ സമൂഹം കാലത്തിനൊപ്പം സഞ്ചരിക്കാന്‍ അവര്‍ കാലത്തിന് മുമ്പേ നടക്കും.എളുപ്പത്തില്‍ ദഹിക്കാത്ത ആശയങ്ങള്‍ പറയുന്നതിനാല്‍ അവര്‍ നിരന്തരം ക്രൂഷിക്കപ്പെടും. ആവേശക്കമ്മറ്റിക്കാരുടെ കഥയറിയത്ത തെറി വിളികള്‍ക്ക് പാത്രമാകും. കാലത്തിനൊപ്പം സഞ്ചരിക്കുന്ന ധിഷണാശാലികളെ അവര്‍ തിരിച്ചറിഞ്ഞ് അവരുമായി കൂട്ട് കൂടും. കാലം അപൂര്‍വമായി മാത്രം സമ്മാനിക്കുന്ന അത്തരം വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു സൈദ് മുഹമ്മദ് നാസാമി.
പാരമ്പര്യത്തെ പാടേ തള്ളിപ്പറഞ്ഞ് പൊള്ളയായ അവകാശവാദങ്ങള്‍ സ്ഥാപിക്കലല്ല നവോത്ഥാനം. പഴമയും പുതുമയും സമന്വയിപ്പിക്കലാണ്. ആ ദിശയില്‍ നോക്കുമ്പോള്‍ , പാരമ്പര്യ മൂല്യങ്ങള്‍ മുറുകെപിടിച്ച് മുഖ്യധാരാ മുസ്ലിം സമുദായത്തെ ആധുനിക കാലത്തിനൊപ്പം നടത്താന്‍ ശ്രമിച്ച പണ്ഡിതാനായിരുന്നു സൈദ് മുഹമ്മദ് നിസാമി ഉസ്താദ് എന്ന് പറയാന്‍ സാധിക്കും.
പ്രഭാഷകന്‍, എഴുത്തുകാരന്‍, പണ്ഡിതന്‍ തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിസാമിയുടെ ജീവിതം സാംസ്‌കാരിക സമ്പന്നവും കൂലിനവുമായിരുന്നു. പുതിയ അറിവുകളും ചിന്തയും പ്രദാനം ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രഭാഷണ ശൈലി സമൂഹത്തിന്റെ വിവിധ തട്ടിലുള്ളവര്‍ക്ക് സ്വീകാര്യമായിരുന്നു.പ്രഭാഷണത്തെ കേവലം ആസ്വാദനം എന്നതിനപ്പുറം ചിന്താപരമായും സാംസ്‌കാരികമായും ഔന്നത്യം സൂക്ഷിക്കുന്ന ഒരു ജനതയുടെ സൃഷ്ടിപ്പിനുള്ള ചാലകശക്തിയായി അദ്ദേഹം വിനിയോഗിച്ചു.
ഇസ്ലാമിന്റെ പ്രതാപ കാലത്തിന്റെ കഥകള്‍ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഹൃദ്യമായ ശൈലിയില്‍ അദ്ദേഹം പകര്‍ന്നു നല്‍കി. ചരിത്രം, വിദ്യാഭ്യാസം, കല, ഇസ്ലാമിക സംസ്‌കാരം,ആത്മീയത തുടങ്ങിയവയില്‍ അദ്ദേഹം കൈമാറിയ അറിവും കാഴ്ചപ്പാടും ഹൃദ്യവും ആഴമേറിയതുമായിരുന്നു.
ഇസ്ലാമിന്റെ സുതാര്യതയും ബഹുസ്വര സമൂഹത്തില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ എങ്ങനെ പ്രബോധനം ചെയ്യണമെന്നും അദ്ദേഹം വരച്ച് കാണിച്ചു. പ്രഭാഷണം അദ്ദേഹത്തിനൊരു തൊഴിലായിരുന്നില്ല. താന്‍ പഠിച്ച വിഷയങ്ങള്‍ക്ക് മാര്‍ക്കറ്റുണ്ടാക്കാന്‍ വിവാദവും ഭീതിയും അദ്ദേഹം പരത്തിയില്ല.ഇസ്ലാമിക ചരിത്രത്തിലെ വിജയ കഥകള്‍ മാത്രമല്ല; ഭരണാധികാരികളും നേതൃത്വവും ഉപജാപക സംഘത്തിന്റെ പിടിയിലമര്‍ന്നപ്പോള്‍ തകര്‍ന്നു പോയ സാമ്രാജ്യങ്ങളെയും സമൂഹങ്ങളേയും അദ്ദേഹം പരിചയപ്പെടുത്തി.
ഇതര പ്രത്യയശാസ്ത്രങ്ങളെ പഠിച്ചറിഞ്ഞ്,താരതമ്യ വിശകലനങ്ങള്‍ നടത്തിയാണ് ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചിരുന്നത്. മതവും മാര്‍ക്സിസവും തമ്മിലുള്ള ചിന്താപരമായ വൈരുദ്ധ്യങ്ങള്‍ നിസാമിയെ പോലെ ആഴത്തിലറിഞ്ഞ പണ്ഡിതര്‍ വിരളമായിരുന്നു.സമസ്തയുടെ വേദികളിലെന്നപോലെ സാമുദായിക രാഷ്ട്രീയ പഠന ക്ലാസുകളിലും അദ്ദേഹം നിറഞ്ഞു നിന്നു.
വിദ്യാഭ്യാസ രംഗത്തും അദ്ദേഹം ഇടപെട്ടു. ലക്ഷ്യബോധമില്ലാതെ ബദലൊരുക്കാനോ രംഗബോധമില്ലാതെ ആളാവാനോ അദ്ദേഹം ശ്രമിച്ചില്ല.രണ്ടായിരത്തിന്റെ ആദ്യത്തില്‍ ആരംഭിച്ച വാഫി വിദ്യാഭ്യാസ ചിന്തയെ ജനകീയവല്‍ക്കരിക്കുന്നതില്‍ അദ്ദേഹം മുന്നില്‍ നിന്നു.മത ഭൗതിക സമന്വയ വിദ്യാഭ്യാസം ഇന്നത്തെപ്പോലെ സാര്‍വത്രികമാവാത്ത കാലമായിരുന്നുവത്. സ്ഥാപന മേധാവികളിലും അധ്യാപകരിലും വിദ്യാര്‍ത്ഥികളിലും സമന്വയ ചിന്ത രൂപപ്പെടുത്താന്‍ അബ്ദുല്‍ ഹകീം ഫൈസി ഉസ്താദിനൊപ്പം അദ്ദേഹം കേരളത്തിലെ പല ഭാഗത്തും സഞ്ചരിച്ചു. ഇന്ന് അന്താരാഷ്ട്ര ഇസ്ലാമിക് യുണിവേഴ്സിറ്റിസ് ലീഗ് നിര്‍വാഹക സമിതി അംഗത്വമുള്‍പ്പെടെ നിരവധി ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയ കോഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സി. ഐ. സി) അക്കാദമിക് കൗണ്‍സില്‍ ഡയറക്ടര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാലം നന്ദിയോടെ സ്മരിക്കും.സമന്വയ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങള്‍ക്ക് അസ്തിവാരമിട്ട പല നിര്‍ണ്ണായക തീരുമാനങ്ങളും പിറവി കൊണ്ടത് ചേളാരിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു. മരണപ്പെടും വരെ സി.ഐ.സിയുടെ അക്കാദമിക് കൗണ്‍സില്‍ മീറ്റിംഗുകള്‍ നടന്നത് അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് തന്നെയായിരുന്നു.
ഇസ്ലാമിക ചരിത്രത്തിലെ സ്ത്രീ സാന്നിധ്യം സമൂഹത്തിന് പരിചയപ്പെടുത്തിയ അദ്ദേഹം വഫിയ്യ കോഴ്സിലൂടെ ഒരു വനിതാ വിദ്യാഭ്യാസ വിപ്ലവം സാധിച്ചെടുക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നു. സ്ത്രീയുടെ പ്രവര്‍ത്തന ഇടം അടുക്കള മാത്രമാണെന്ന് സിദ്ധാന്തിക്കുന്ന വികലമായ സമീപനങ്ങളെ അദ്ദേഹം തുറന്ന് കാട്ടി.
പാരമ്പര്യ മൂല്യങ്ങളില്‍ ഉറച്ചുനിന്ന് കൊണ്ട് സമൂഹത്തെ ആധുനികമായി ചിന്തിക്കാനും അത്തരം ചിന്താ പ്രസ്ഥാനങ്ങളെ ജനകീയവല്‍ക്കരിക്കാനും മുന്നില്‍ നിന്ന അദ്ദേഹത്തെ മലയാളക്കര എന്നും പ്രാര്‍ത്ഥനാപൂര്‍വം ഓര്‍ക്കും.