ഇന്നത്തെ ആദ്യ മല്‍സരം അല്‍ വഖ്‌റയിലെ അല്‍ ജുനൂബ് സ്‌റ്റേഡിയത്തില്‍ കരുത്തരായ സ്വിറ്റ്‌സര്‍ലന്‍ഡും കാമറൂണും തമ്മിലാണ്. ഉച്ചക്ക് നടക്കുന്ന അങ്കത്തില്‍ സ്വിസുകാര്‍ക്ക് കാലാവസ്ഥയെയും പരാജയപ്പെടുത്തണം. ഗ്രൂപ്പ് ജിയിലെ ആദ്യ അങ്കത്തില്‍ ആത്മവിശ്വാസമാണ് സ്വിസുകാരുടെ കൈമുതല്‍.
1966 ലെ ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ ജര്‍മനിയോട് അഞ്ച് ഗോളിന് പരാജയപ്പെട്ട ശേഷം ലോകകപ്പിലെ ആദ്യ മല്‍സരങ്ങളില്ലെല്ലാം വിജയം സ്വന്തമാക്കിയിട്ടുണ്ട്. ഇത് കൂടാതെ അവസാന രണ്ട് ലോകകപ്പുകളിലും ആദ്യ റൗണ്ട് അനായാസം പിന്നിട്ടുമുണ്ട്. ഷെര്‍ദാന്‍ ഷാക്കിരി എന്ന ഉപനായകന്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ വിട്ട് അമേരിക്കയിലെത്തിയെങ്കിലും അദ്ദേഹം തന്നെ ടീമിലെ പ്രധാനി. തന്റെ നാലാമത് ലോകകപ്പ് കളിക്കുന്ന ഷാക്കിരിക്ക് ബ്രസീല്‍ ഉള്‍പ്പെടെയുള്ള പ്രതിയോഗികളെ പേടിയൊന്നുമില്ല. മെച്ചപ്പെട്ട പ്രകടനത്തിലുടെ അടുത്ത റൗണ്ടില്‍ എത്താനാവുമെന്നാണ് സീനിയറിന്റെ പക്ഷം.
എട്ടാമത് ലോകകപ്പിലാണ് കാമറൂണ്‍ കളിക്കുന്നത്. പക്ഷേ ലോകകപ്പില്‍ അവസാനം കളിച്ച ഏഴ് മല്‍സരങ്ങളിലും അവര്‍ പരാജയപ്പെട്ടിരുന്നു. ആ ക്ഷീണം അകറ്റുക എന്നതാണ് അതി പ്രധാനം. ബ്രയന്‍ ബ്യൂമോയാണ് കാമറൂണ്‍ സംഘത്തിലെ പ്രധാനി.