X
    Categories: CultureViews

ആഗ്രയില്‍ സ്വിസ് ദമ്പതികളെ ക്രൂരമായി മര്‍ദിച്ചു; യുവാവിന്റെ തലയോട്ടിയില്‍ പൊട്ടല്‍

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വിനോദ സഞ്ചാരത്തിനെത്തിയ സ്വിസ് ദമ്പതിമാര്‍ക്ക് ക്രൂരമര്‍ദനം. ടൂറിസ്റ്റ് കേന്ദ്രമായ ഫത്തേപൂര്‍ സിക്രിയില്‍ വെച്ച് ഞായറാഴ്ചയാണ് ക്വെന്റിന്‍ ജെറമി ക്ലെര്‍ക്ക് (24), കാമുകി മേരി ഡ്രോസ് (24) എന്നിവര്‍ അക്രമിക്കപ്പെട്ടത്. ഡല്‍ഹിയിലെ ഒരു ആസ്പത്രിയിലാണ് ഇരുവരും.

സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ദമ്പതികള്‍ക്ക് എല്ലാ സഹായവും ചെയ്യുമെന്നും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു. ഉദ്യോഗസ്ഥരെ ആസ്പത്രിയിലേക്ക് അയച്ചതായും അവര്‍ വ്യക്തമാക്കി.

സംഭവത്തില്‍ മുകുള്‍ എന്നു പേരുള്ള ഒരാളെ അറസ്റ്റ് ചെയ്തതായും മറ്റുള്ളവര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുന്നതായും ഫത്തേപൂര്‍ സിക്രി പൊലീസ് അറിയിച്ചു. സ്വിസ് ദമ്പതികള്‍ പരാതി നല്‍കാന്‍ തയാറായില്ലെന്നും പൊലീസ് നേരിട്ട് കേസെടുക്കുകയാണുണ്ടായതെന്നും ഫത്തേപൂര്‍ സിക്രി പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് പ്രദീപ് കുമാര്‍ പറഞ്ഞു.

ആഗ്രയില്‍ ഒരു ദിവസം ചെലവഴിച്ചതിനു ശേഷമാണ് ഫത്തേപൂര്‍ സിക്രി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഇരുവരും മര്‍ദനത്തിന് ഇരയായത്. ഒരു കൂട്ടം ചെറുപ്പക്കാര്‍ തങ്ങളെ പിന്തുടര്‍ന്നതായും തങ്ങള്‍ക്ക് മനസ്സിലാകാത്ത ഭാഷയില്‍ എന്തെല്ലാമോ പറഞ്ഞതായും ക്വെന്റിന്‍ ജെറമി പറയുന്നു. മേരിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ചെറുപ്പക്കാര്‍ ശ്രമിച്ചു. അതിനിടയില്‍ ചിലര്‍ ജെറമിയെ മര്‍ദിക്കാന്‍ ആരംഭിക്കുകയും ചെയ്തു. ജെറമിയുടെ തലയോട്ടിയില്‍ പൊട്ടലുണ്ടെന്നും തലച്ചോറിന്റെ ഒരു ഭാഗത്ത് രക്തം കട്ടപിടിച്ചുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മേരി ഡ്രോസിനും ഒന്നിലധികം പരിക്കുണ്ട്.

അക്രമത്തിനിരയായി തങ്ങള്‍ ഇരുവരും നിലത്തു വീണപ്പോള്‍ ആള്‍ക്കൂട്ടം അത് വീഡിയോയില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നുവെന്ന് ജെറമി പറയുന്നു. ചിലര്‍ മേരിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ ഞങ്ങള്‍ക്കു നേരെ കല്ലും വടികളും എറിഞ്ഞു. ചിലര്‍ കൂടെ ചെല്ലാന്‍ പറഞ്ഞെങ്കിലും ഞങ്ങള്‍ വിസമ്മതിച്ചു. മേരിയെയും ചെറുപ്പക്കാര്‍ മര്‍ദിച്ചു. സ്ത്രീകളെ മര്‍ദിക്കില്ലെന്ന് താന്‍ കരുതിയെങ്കിലും അത് തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടെന്നും എന്തിനാണ് തങ്ങളെ അക്രമിച്ചത് എന്ന് അറിയില്ലെന്നും ജെറമി പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: