അശ്റഫ് തൂണേരി
ദോഹ: ആടിയും പാടിയും മധുരം നുണഞ്ഞും റമദാന്‍ രണ്ടാം വാരം നടക്കുന്ന കുട്ടികളുടെ പരമ്പരാഗത ആഘോഷമായ ഖരന്‍ഗാവോ ആഘോഷം ഇന്ന്. റമദാന്‍ 14-ാം രാത്രിയില്‍ നോമ്പ് തുറന്ന ശേഷമാണ് ഈ ചടങ്ങ് നടക്കുക. നോമ്പ് 15 രാത്രിയും തുടരും. ‘ഗരന്‍ഗാവോ.. ഗിര്‍ഗാ ഓ..
അതോനള്ളാ യഉതീക്കും,
ബൈത്ത് മക്ക യാ വാദീകും,
യാ മക്ക യഅല്‍ മഉമൂറ
യാമ് ഇല്‍ സലാസില്‍ വല്‍ തഹബ്, യാ നൂറ
അതൂന മിന്‍ മല്‍ അല്ലാഹ്,
ഇസ്ലാം ലക്കും അബ്ദുല്ല….’ ഈ പാട്ടുപാടി നിറപ്പകിട്ടാര്‍ന്ന പൈതൃക വസ്ത്രങ്ങള്‍ അണിഞ്ഞ്, സഞ്ചിയും തൂക്കി കുട്ടികള്‍ വീടുകള്‍ കയറും. മധുര പലഹാരങ്ങളും സമ്മാനപ്പൊതികളും വാങ്ങുകയും കൊടുക്കുകയും ചെയ്യും. ചെറു സംഘങ്ങളായാണ് കുട്ടികള്‍ പോവുക. അതേ സമയം ഖത്തറിലെ വിവിധ ഷോപ്പിംഗ് മാളുകളിലും മുശൈരിബ്, ലുസൈല്‍ ബോളിവാര്‍ഡ്, പേള്‍ ഖത്തര്‍ തുടങ്ങിയ സ്ഥലങ്ങളിലും പരമ്പരാഗത അങ്ങാടിയായ സൂഖ് വാഖിഫിലും ഇതിനുള്ള ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങി. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഖരന്‍ഗാവോ ആഘോഷം സംഘടിപ്പിക്കുന്നുണ്ട്.
കുഞ്ഞു കുട്ടികളുടെ വരെ വേഷവും ആകര്‍ഷണീയമാണ്. ആണ്‍കുട്ടികള്‍ ഥൗബും തൊപ്പിയും ധരിച്ചും പെണ്‍കുട്ടികള്‍ പരമ്പരാഗത വസ്ത്രമായ അല്‍സറിയും ശിരോവസ്ത്രമായ ബഖ്നലും ധരിച്ചുമാണ് ആഘോഷത്തില്‍ പങ്കെടുക്കുക. മധുരപലഹാരങ്ങള്‍ക്ക് പുറമെ ഉണങ്ങിയ പഴങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങി വ്യത്യസ്ത ഉല്‍പന്നങ്ങളാണ് പ്രധാനം. ചോക്ളേറ്റുകളും ഉണങ്ങിയ പഴങ്ങളും ചേര്‍ത്തുള്ള ഖരന്‍ഗാവോ കിറ്റുകളും വിപണിയിലുണ്ട്. പലവിലയില്‍ അതു ലഭ്യം. മിനിമം 100 റിയാല്‍ എങ്കിലും കിറ്റുകളുടെ വില വരും. മാളുകളിലും സൂഖുകളിലും വസ്ത്ര വിപണികളില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുമുള്ള പരമ്പരാഗത വസ്ത്രങ്ങള്‍ക്ക് ഡിമാന്‍ഡ് ഏറെ ആയിരുന്നു. വിവിധ ഷോപ്പിംഗ് മാളുകളിലും സൂഖിലും കുട്ടികള്‍ക്കായി മത്സരങ്ങള്‍ അരങ്ങേറും. ആകര്‍ഷക സമ്മാനങ്ങളും നേടാം. കുടുംബങ്ങള്‍ക്ക് പങ്കെടുക്കാവുന്ന മത്സരങ്ങളും ചിലേടങ്ങളില്‍ നടക്കുന്നു.