ഡല്‍ഹി: രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ജനപ്രിയ മോഡലായ സ്വിഫ്റ്റിന്റെ പരിഷ്‌കരിച്ച രൂപം പുറത്തിറക്കി. സ്വിഫ്റ്റിന്റെ 2021 മോഡലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 5.73 ലക്ഷം മുതല്‍ 8.41 ലക്ഷം രൂപ വരെയാണ് മുഖം മിനുക്കിയ കാറിന്റെ എക്സ്ഷോറൂം വില.
2005ലാണ് സ്വിഫ്റ്റി ആദ്യമായി അവതരിപ്പിച്ചത്. പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ വലിയ മാറ്റങ്ങള്‍ക്കാണ് ഇത് തുടക്കമിട്ടത്. സ്വിഫ്റ്റിന്റെ സ്പോര്‍ട്സ് ലുക്കാണ് ഇതിനെ കൂടുതല്‍ പ്രിയങ്കരമാക്കിയത്. വര്‍ഷങ്ങള്‍ കൊണ്ട് 24 ലക്ഷം ഉപഭോക്താക്കളെയാണ് സ്വിഫ്റ്റ് ആകര്‍ഷിച്ചതെന്ന് മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറയുന്നു.നിലവിലെ മോഡലില്‍ നിന്ന് ഫോഗ് ലാമ്പ് ഹൗസിംഗ് അതേപടി മുമ്പോട്ടു കൊണ്ടുപോകുന്നതായി തോന്നുമെങ്കിലും ഫ്രണ്ട് ബമ്പര്‍ ചെറുതായി പുനര്‍നിര്‍മിച്ചിട്ടുണ്ടെന്ന് തോന്നുന്നു.
കരുത്തുകൂടിയ കെ-സീരിസ് എന്‍ജിനാണ് പുതിയ സ്വിഫ്റ്റിന്റെ പ്രത്യേകത. മൂന്ന് ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷന്‍, ഇന്ധനക്ഷമത, മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയാണ് മുഖംമിനുക്കിയ സ്വിഫ്റ്റിനെ വ്യത്യസ്തമാക്കുന്നത്. സാധാരണനിലയിലും ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റ് സംവിധാനത്തിലും കാര്‍ ലഭ്യമാണ്. 1.2 ലിറ്റര്‍ മോഡലിന് 23.2 കിലോമീറ്റര്‍ മൈലേജാണ് അവകാശപ്പെടുന്നത്. ഓട്ടോമാറ്റിക് വേര്‍ഷന് 23.76 മൈലേജ് കമ്പനി പറയുന്നുണ്ട്.