X

സ്വിഫ്റ്റ് വേഗപരിധി 110 കിലോമീറ്റര്‍; തീരുമാനം വിവാദത്തില്‍

തിരുവനന്തപുരം: വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്വിഫ്റ്റ് ബസുകളുടെ വേഗപരിധി 110 കിലോമീറ്ററായി വര്‍ധിപ്പിച്ച കെ.എസ്.ആര്‍.ടി.സി ഉന്നതതല യോഗത്തിന്റെ മിനിട്ട്‌സ് പുറത്ത്. 2022 മെയ് 28ന് ചേര്‍ന്ന യോഗത്തിലാണ് സ്വിഫ്റ്റ് ബസുകള്‍ക്ക് 110 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാമെന്ന് കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കുന്നത്. സ്വിഫ്റ്റ് സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് നല്‍കിയ നിര്‍ദേശത്തിലാണ് ഇക്കാര്യം പറയുന്നത്.

സംസ്ഥാനത്ത് ബസുകളുടെ വേഗപരിധി നാലുവരിപാതകളില്‍ 70 കിലോമീറ്ററും സംസ്ഥാന- ദേശീയപാതകളില്‍ 65 കിലോമീറ്ററുമായി നിജപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം ബസുകളില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിച്ചിട്ടുണ്ട്. ഓരോ തവണയും വാഹനം ടെസ്റ്റ് ചെയ്യുമ്പോള്‍ സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് 97 കിലോമീറ്ററിലേറെ സ്പീഡിലാണ് സഞ്ചരിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസുകള്‍ക്ക് 110 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ അനുവദിക്കുന്ന ഉന്നതതലയോഗത്തിലെ മിനിട്ട്‌സ് പുറത്തുവന്നത്.

സ്വിഫ്റ്റ് ബസുകളുടെ സ്പീഡ് ലിമിറ്റ് 110 കിലോമീറ്ററായി വര്‍ധിപ്പിക്കാനും ഇടക്കുള്ള ടെര്‍മിനല്‍ ഗ്യാപ്പ് (റെസ്റ്റ്) വര്‍ധിപ്പിക്കാനും സ്വിഫ്റ്റ് ബസുകളുടെ ഷെഡ്യൂളുകള്‍ എല്ലാ യൂണിറ്റിലും ലഭ്യമാക്കി കുറ്റമറ്റ ഓപ്പറേഷന്‍ സമയക്ലിപ്തതയോടെ നടത്താന്‍ സ്വിഫ്റ്റ് സ്‌പെഷ്യല്‍ ഓഫീസര്‍ നടപടി സ്വീകരിക്കണമെന്നും കെ.എസ്.ആര്‍.ടി.സി യോഗത്തില്‍ നിര്‍ദേശം നല്‍കി.

പ്രതിദിനം എട്ടു കോടിയും പ്രതിമാസം 240 കോടിയും വരുമാനം ഉറപ്പാക്കണമെന്നും ഈ യോഗത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. എങ്കില്‍ മാത്രമെ കെ.എസ്.ആര്‍.ടി.സിക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളുവെന്നും മെയ് 28ന് ചേര്‍ന്ന യോഗത്തില്‍ വ്യക്തമാക്കുന്നുണ്ട്. ദീര്‍ഘദൂര സര്‍വീസുകള്‍ കൂടുതലായി സ്വിഫ്റ്റിലേക്ക് മാറ്റണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡീസല്‍ നിറയ്ക്കാന്‍ സ്വിഫ്റ്റ് ബസുകള്‍ക്ക് പ്രത്യേക സൗകര്യം ചെയ്തുനല്‍കണമെന്നും ബസുകള്‍ സ്റ്റേഷനുകളില്‍ വന്നുപോകുന്ന വിവരം ചെക്ക് ബുക്കില്‍ രേഖപ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Test User: