തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി അനുദിനം നഷ്ടത്തിലാകുന്നതിനിടെ കോര്‍പറേഷനെ വെട്ടിമുറിച്ച് തുടങ്ങിയ സ്വിഫ്റ്റിന് നേട്ടം. കെ.എസ്.ആര്‍.ടി.സിക്ക് ലഭിക്കേണ്ട പ്രതിദിന വരുമാനത്തില്‍ നല്ലൊരു പങ്കും സ്വിഫ്റ്റ് കൊണ്ടുപോകുകയാണ്. താല്‍ക്കാലിക ജീവനക്കാരെ ഉപയോഗിച്ച് സര്‍വീസ് നടത്തുന്നതിനാല്‍ കമ്പനി വന്‍ലഭാത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്വിഫ്റ്റ് സര്‍വീസ് ആരംഭിച്ച് ഒരുമാസം പിന്നിട്ടപ്പോള്‍ 1078 സര്‍വീസില്‍ നിന്നായി 3,01,62,808 രൂപയാണ് വരുമാനം. 549 ബസുകളിലായി 55,775 പേരാണ് ഒരു മാസത്തിനുള്ളില്‍ യാത്ര ചെയ്തത്. സംസ്ഥാന, അന്തര്‍- സംസ്ഥാന ദീര്‍ഘദൂര യാത്രകള്‍ക്കായി എ സി സീറ്റര്‍, നോണ്‍ എ സി സീറ്റര്‍, എ സി സ്ലീപ്പര്‍ എന്നീ വിഭാഗത്തിലുളള ബസുകളാണ് സര്‍വീസ് നടത്തുന്നത്. നോണ്‍ എ സി വിഭാഗത്തില്‍ പതിനേഴും എസി സീറ്റര്‍ വിഭാഗത്തില്‍ അഞ്ചും വിഭാഗത്തില്‍ നാലും സര്‍വീസാണ് ദിനംപ്രതിയുള്ളത്.
എസി സ്ലീപ്പറില്‍ കോഴിക്കോട്-ബെംഗളൂരു രണ്ട് ട്രിപ്പ്, കണിയാപുരം- ബെംഗളൂരു, തിരുവനന്തപുരം- ബെംഗളൂരു ഓരോ ട്രിപ്പുമാണ് ദിവസവുമുള്ളത്. എസി സീറ്റര്‍ വിഭാഗത്തില്‍ കോഴിക്കോട്-ബെംഗളൂരു, തിരുവനന്തപുരം- പാലക്കാട് രണ്ട് വീതം സര്‍വീസും പത്തനംതിട്ട- ബെംഗളൂരു ഒരു സര്‍വീസും നടത്തുന്നുണ്ട്.
നോണ്‍ എസി വിഭാഗത്തില്‍ തിരുവനന്തപുരം- കോഴിക്കോട് മൂന്ന്, തിരുവനന്തപുരം- കണ്ണൂര്‍ ഒന്ന്, നിലമ്പൂര്‍-ബെംഗളൂരു ഒന്ന്, തിരുവനന്തപുരം- പാലക്കാട് ഒന്ന്, തിരുവനന്തപുരം- നിലമ്പൂര്‍ ഒന്ന്, തിരുവനന്തപുരം-സുല്‍ത്താന്‍ബത്തേരി രണ്ട്, പത്തനംതിട്ട- മൈസൂര്‍ ഒന്ന്, പത്തനംതിട്ട-മംഗലാപുരം ഒന്ന്, പാലക്കാട്-ബെംഗളൂരു ഒന്ന്, കണ്ണൂര്‍-ബംഗളൂരു ഒന്ന്, കൊട്ടാരക്കര-കൊല്ലൂര്‍ ഒന്ന്, തലശേരി-ബംഗളൂരു ഒന്ന്, എറണാകുളം- കൊല്ലൂര്‍ ഒന്ന്, തിരുവനന്തപുരം-മണ്ണാര്‍ക്കാട് ഒന്ന് എന്നിങ്ങനെ 17 സര്‍വീസാണ് സ്വിഫ്റ്റിലുള്ളത്.
വിവാദങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വിഫ്റ്റ് സര്‍വിസിന് ഫ്ളാഗ് ഓഫ് ചെയ്തത്. കെ.എസ്.ആര്‍.ടി.സിയെ ഇല്ലാതാക്കാനുള്ളതാണ് സ്വിഫ്റ്റ് എന്ന ജീവനക്കാരുടെ ആരോപണം ശരിവെക്കുന്ന തരത്തിലാണ് ഇരുസ്ഥാപനങ്ങളുടെയും വരുമാനം ഇതിനു പുറമെ സര്‍വിസ് ഉദ്ഘാടന ദിവസവും തുടര്‍ന്നും സ്വിഫ്റ്റ് ബസുകള്‍ വിവിധയിടങ്ങളില്‍ അപകടത്തില്‍പ്പെട്ടതും വാര്‍ത്തകളില്‍ ഇടംപിടിച്ചു.