X

സ്വീഡിഷ് തെരഞ്ഞെടുപ്പ്: കുടിയേറ്റ വിരുദ്ധര്‍ക്ക് പ്രതീക്ഷ

People stand in voting booths during a general election in Stockholm, Sweden September 9, 2018. REUTERS/Anna Ringstrom

സ്റ്റോക്ക്‌ഹോം: സ്വീഡിഷ് പൊതുതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ കുടിയേറ്റ വിരുദ്ധ തീവ വലതുപക്ഷ പാര്‍ട്ടിക്ക് വിജയ പ്രതീക്ഷ. ഭരണകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കും മധ്യവലതുപക്ഷ മോഡറേറ്റ്‌സുകള്‍ക്കും ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
ദേശീയവാദികളായ സ്വീഡന്‍ ഡെമോക്രാറ്റുകള്‍ ഇത്തവണയും ഉജ്ജ്വലം പ്രകടനം കാഴ്ചവെക്കുമെന്ന് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നു. നവ നാസി വേരുകളുള്ള സ്വീഡന്‍ ഡെമോക്രാറ്റുകള്‍ വംശീയ വിദ്വേഷം ആളിക്കത്തിക്കുന്ന പാര്‍ട്ടിയാണെന്ന് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്‌വെന്‍ ആരോപിച്ചു. കുടിയേറ്റം തന്നെയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വിഷയം. 2014ലെ തെരഞ്ഞെടുപ്പില്‍ ഇരട്ടി സീറ്റുകള്‍ നേടിയ സ്വീഡന്‍ ഡെമോക്രാറ്റുകള്‍ ഇത്തവണയും മികച്ച പ്രകടനം കാഴ്ചവെച്ചേക്കും. സ്വീഡിഷ് വോട്ടര്‍മാരില്‍ പകുതിയിലേറെയും ആര്‍ക്ക് വോട്ടു ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നിരിക്കെ അന്തിമ ഫലത്തെക്കുറിച്ച് അനിശ്ചിതത്വം തുടരുകയാണ്.
തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുമായും നവ നാസികളുമായും ബന്ധമുള്ള സ്വീഡന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 2010ലാണ് രൂപീകൃതമായത്. 2015ല്‍ യൂറോപ്പിലുണ്ടായ അഭയാര്‍ത്ഥി പ്രവാഹത്തില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ ഏറ്റെടുത്ത രാജ്യങ്ങളിലൊന്നാണ് സ്വീഡന്‍. ഒന്നര ലക്ഷത്തിലേറെ പേര്‍ക്കാണ് സ്വീഡന്‍ അഭയം നല്‍കിയത്. ഗ്രീന്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കിയ സോഷ്യല്‍ ഡെമോക്രാറ്റുകളിപ്പോള്‍ ഡെന്‍മാര്‍ക്കുമായുള്ള അതിര്‍ത്തി അടച്ച് കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ ശക്തമാക്കിയിരുന്നു. അഭയാര്‍ത്ഥി പ്രവാഹത്തെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങള്‍ മുതലെടുത്താണ് സ്വീഡന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വളര്‍ന്നത്.

chandrika: