സഞ്ജീവ് ഭട്ടിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ പകപോക്കലിനെതിരായ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുസ്‌ലിം യൂത്ത് ലീഗ് ഇന്ന് വൈകീട്ട് കോഴിക്കോട്ട് നടത്തുന്ന അംബ്രല മാര്‍ച്ചില്‍ പങ്കെടുക്കാന്‍ മുന്‍ ഐ.പി.എസുകാരന്റെ ഭാര്യ ശ്വേത ഭട്ട് കേരളത്തിലെത്തി. ഭരണകൂട ഭീകരതക്കിരയായി ജയിലിലടക്കപ്പെട്ട മുന്‍ ഐ.പി.എസ് ഓഫീസറാണ് സഞ്ജീവ് ഭട്ട്.
മകന്‍ ശാന്താനു ഭട്ടിനൊപ്പം എത്തിയ ശ്വേതയെ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ യൂത്ത് ലീഗ് പ്രസിഡന്റെ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറി പികെ ഫിറോസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
കേരളത്തിലെത്തിയ ശ്വേത ഭട്ട് മലയാളികളുടെ പിന്തുണക്ക് വികാരനിര്‍ഭരമായി നന്ദി അറിയിച്ചു. വിമാനത്താവളത്തില്‍ ശ്വേത പറഞ്ഞ വാക്കുകള്‍ ഇതാണ്.
‘വളരെ നന്ദി. ഞാന്‍ ഇപ്പോള്‍ കേരളത്തിലേക്ക് വന്നിരിക്കുന്നത് ഇവിടെയുള്ള ഓരോരുത്തരോടും പ്രത്യേകം നന്ദി അറിയിക്കാനാണ്. കേരളത്തിലെ ജനങ്ങളുടെ സ്‌നേഹവും പിന്തുണയും അവിശ്വസനീയമായ തരത്തിലാണ്. ഓരോ പത്തു മിനിറ്റിനിടയിലും എനിക്ക് കേരളത്തില്‍ നിന്നും ആരുടെയെങ്കിലും ഫോണ്‍ കോളെത്തും. ശ്വേതാജിയല്ലെ, സഞ്ജയ് ഭട്ടിന്റെ ഭാര്യ. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. വിഷമിക്കേണ്ടതില്ല എന്ന് ആശ്വസിപ്പിക്കും. വീണ്ടും വീണ്ടും നന്ദി.’ കണ്ണുനിറഞ്ഞ് കൈകൂപ്പി ശ്വേത ഭട്ട് പറയുന്നു.
മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന അംബ്രലാ മാര്‍ച്ച് കോഴിക്കോട് ആരംഭിച്ചു. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ വൈകീട്ട് 3 മണിയോടെയാണ് പ്രതിഷേധ മാര്‍ച്ച്.