നാക്കും വാക്കും ഏറെ കരുതലോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ഒരുവനെ ചേര്‍ത്ത് പിടിക്കാനും കാലങ്ങളോളം അകറ്റി നിര്‍ത്താനും ഒരു വാക്ക് മതിയാകും. സംസാരത്തില്‍ മാന്ത്രികതയുണ്ട് എന്ന പ്രവാചകന്റെ വചനം ഏറെ ശ്രദ്ധേയമാണ്.
മധുരഭാഷണം നടത്തുന്നവരെ എല്ലാവര്‍ക്കും വലിയ ഇഷ്ടമായിരിക്കും. എന്നാല്‍ വാക്കുകള്‍ കൊണ്ട് മറ്റുള്ളവരുടെ ഹൃദയങ്ങളില്‍ മുറിവുണ്ടാക്കുന്നത് ഏറെ അപകടകരമാണ്.
പറയുന്നതിന്റെ ഗൗരവവും പറയപ്പെടുന്നവന്റെ സാഹചര്യവും പരിഗണിച്ച് കൊണ്ടാണ് നാം സംസാരിക്കേണ്ടത്. തമാശകളില്‍ പോലും നുണ വരാതിരിക്കണമെന്ന പ്രവാചകന്റെ ഓര്‍മ്മപ്പെടുത്തല്‍ ഇതിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നു. വ്യക്തതയില്ലാത്ത കാര്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുംവിധം പറയുന്നതില്‍ ഒട്ടുമിക്ക ആളുകളും മിടുക്കന്‍മാരാണ്. എന്നാല്‍ അത്തരം, അശ്രദ്ധയോടെ തൊടുത്തുവിടുന്ന വാക്കുകള്‍ എത്രയോ ജീവിതങ്ങളെ ദുരിതക്കയത്തിലാക്കുകയും പറയുന്ന വ്യക്തിയെ എപ്പോഴും പ്രതിരോധത്തിലാക്കുകയും ചെയ്യുന്നു.
പ്രവാചകര്‍ അരുളി: ‘സ്വര്‍ഗാവകാശിയുടെ ലക്ഷണങ്ങളിലൊന്ന് അവന്റെ നാവ് വ്യക്തതയുള്ളതാവുക എന്നതാണ്. ആവശ്യമുള്ള കാര്യങ്ങള്‍ മാത്രം സംസാരിക്കുകയും അല്ലാത്തവയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുകയാണ് വിവേകികളുടെ ലക്ഷണം.
ലുക്മാനുല്‍ ഹകീം എന്നവരോട് ഒരിക്കല്‍ നിങ്ങളുടെ വിജയ രഹസ്യം എന്താണെന്ന ചോദ്യത്തിന് അദ്ദേഹം നല്‍കുന്ന മധുരമായ മറുപടി ‘ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുകയോ സംസാരിക്കുകയോ ചെയ്യാതെ മാറി നില്‍ക്കുന്നു’ എന്നായിരുന്നു.
സോഷ്യല്‍ മീഡിയ കാലത്തെ നാവ് നമ്മുടെ പോസ്റ്റുകളും ഷെയറുകളും കൂടിയാണ് എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. സൂക്ഷ്മതയോടെ അവ കൈകാര്യം ചെയ്യാത്ത പക്ഷം വലിയ പരാജയമാണ് നാം നേരിടേണ്ടിവരിക. ബന്ധങ്ങള്‍ വഷളാകുന്നത്, സൗഹൃദങ്ങള്‍ ഇല്ലാതാകുന്നത്, കൂട്ടായ്മകള്‍ തകരുന്നത് തുടങ്ങി സാമൂഹിക വൈയക്തിക കൗടംബിക വ്യവഹാരങ്ങളില്‍ പ്രശ്‌നങ്ങള്‍ക്കിടവരുത്തുന്നത് നമ്മുടെ വാക്കുകള്‍ തന്നെയാണ്.
നല്ലവാക്ക് ഭൂമിയില്‍ ആഴത്തില്‍ പതിഞ്ഞ വേരുകളും ആകാശത്തില്‍ പടര്‍ന്നു കിടക്കുന്ന ശിഖിരങ്ങളുമുള്ള ഒരു നല്ല മരം പോലെയാണ് എന്ന ഖുര്‍ആനിന്റെ ഉപമയില്‍ തന്നെയുണ്ട് വാക്കിന്റെ മനോഹാരിതയും പ്രാധാന്യവും. പറയുന്നതിന് മുമ്പ് ഒരുവേള ചിന്തിക്കുക എന്നതാണ് വാക്കുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഏകവഴി. ഇത് പറയേണ്ടതാണോ, ഞാന്‍ പറയേണ്ടതാണോ, ഇവിടെ പറയേണ്ടതാണോ എന്നൊക്കെ ഒന്ന് മനനം ചെയ്ത് പറയേണ്ടതാണെങ്കില്‍ എങ്ങനെ പറയണം എന്ന് ആലോചിക്കുക കൂടി ചെയ്യുമ്പോഴാണ് വ്യക്തതയും കൃത്യതയുമുള്ള നല്ല നാവ് എന്ന സ്വര്‍ഗാവകാശിയുടെ ലക്ഷണമൊത്ത ജീവിത ധന്യത നമുക്കും കൈവരുക.
വിശുദ്ധ റമസാനും വ്രതാനുഷ്ടാനവും നമ്മെ ശീലിപ്പിക്കുന്നത് അത്തരമൊരു മഹത്തായ സംസ്‌കാരത്തെയും വാക്കുകളുടെ സൂക്ഷ്മതയുള്ള പ്രയോഗത്തെയുമാണ് . നിങ്ങള്‍ അന്ത്യനാളിലും പ്രപഞ്ച നാഥനിലും വിശ്വസിക്കുന്നുവെങ്കില്‍ നല്ലത് പറയുക അല്ലാത്തപക്ഷം മിണ്ടാതിരിക്കുക തുടങ്ങി എത്രയെത്ര വചനങ്ങളാണ് സംസാരം നന്നാവുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചു പ്രവാചകരുടേതായിട്ടുള്ളത്.