മോസ്‌കോ: ഗ്രൂപ്പ് എഫില്‍ ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് സ്വീഡന്‍ നിര്‍ണായകമായ മൂന്നു പോയന്റ് സ്വന്തമാക്കി. ഗോള്‍ രഹിത ആദ്യപകുതിക്കു ശേഷം 64-ാം മിനുട്ടില്‍ ക്ലാസനെ പെനാല്‍ട്ടി ബോക്‌സില്‍ കൊറിയയുടെ കിന്‍ മിന്‍-വു ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് നായകന്‍ ആന്ദ്രേസ് ഗ്രാന്‍ക്വിസ്റ്റാണ് സ്വീഡനായി ലക്ഷ്യം കണ്ടത്. ആദ്യം ഫൗള്‍ അനുവദിക്കാത്ത റഫറി വിഎആറിന്റെ സഹായത്തോടെ പെനാല്‍ട്ടി അനുവദിക്കുകയായിരുന്നു.
സ്വീഡന്‍ ജയിച്ചതോടെ കഴിഞ്ഞ ദിവസം മെക്‌സികോയോട് അപ്രതീക്ഷിത തോല്‍വി നേരിട്ട നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനിയുടെ അവസ്ഥ പരുങ്ങലിലായി. ഗ്രൂപ്പില്‍ മൂന്നു പോയന്റുമായി മെക്‌സികോയും സ്വീഡനും ഒന്നാം സ്ഥാനത്താണ്. പോയന്റ് ഒന്നും ലഭിക്കാത്ത ജര്‍മ്മനിക്ക് ഗ്രൂപ്പില്‍ മുന്നേറണമെങ്കില്‍ ശേഷിക്കുന്ന രണ്ടു മത്സരങ്ങളില്‍ ജയിക്കേണ്ടതുണ്ട്. സ്വീഡനും ദ.കൊറിയക്കുമെതിരെയാണ് ജര്‍മനിയുടെ ബാക്കിയുള്ള ഗ്രൂപ്പ് മത്സരങ്ങള്‍.
റഷ്യന്‍ ലോകകപ്പില്‍, മുന്‍ജേതാക്കളായ ഇറ്റലിയുടേയും സ്‌പെയ്‌നിന്റെയും വിധി തങ്ങളേയും വേട്ടയാടുമോ എന്ന ഭീതിയിലാണ് ജര്‍മന്‍ ക്യാമ്പ്. 2006ല്‍ ചാമ്പ്യന്‍മാരായ ഇറ്റലി 2010ല്‍ ഗ്രൂപ്പ് ഘട്ടം കടക്കാനാവാതെ പുറത്തായിരുന്നു. 2014 ബ്രസില്‍ ലോകകപ്പില്‍ 2010ലെ ജേതാക്കളായ സ്‌പെയ്‌നും ഗ്രൂപ്പ് ഘ്ട്ടത്തില്‍ തന്നെ പുറത്തായിരുന്നു.