X

ക്ഷേത്രത്തില്‍ നടന്ന ബലാത്സംഗം നിങ്ങളുടെ രക്തം തിളപ്പിക്കുന്നില്ലെങ്കില്‍, ചുംബന രംഗത്തിന് രോഷം കൊള്ളാന്‍ അവകാശമില്ല; സ്വരാ ഭാസ്‌കര്‍

ക്ഷേത്രത്തില്‍ ചുംബന രംഗം ചിത്രീകരിച്ചതിന്റെ പേരില്‍ നെറ്റ്ഫ്ലിക്സിനെതിരെ നടക്കുന്ന സംഘപരിവാര്‍ ആക്രമണത്തിനെതിരെ പ്രതികരിച്ച് നടി സ്വരാ ഭാസ്‌കര്‍. കത്തുവയില്‍ ക്ഷേത്രത്തില്‍ വെച്ച് എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്തത് നിങ്ങളുടെ രക്തം തിളപ്പിക്കുന്നില്ലെങ്കില്‍, ചുംബന രംഗത്തില്‍ രോഷം കൊള്ളാന്‍ നിങ്ങള്‍ക്ക് അവകാശമില്ലെന്നാണ് സ്വര ട്വിറ്ററില്‍ കുറിച്ചത്.

2018 ജനുവരിയിലാണ് എട്ടു വയസുകാരിയെ ജമ്മു കാശ്മീരിലെ കത്തുവയില്‍ ഒരു ക്ഷേത്രത്തില്‍ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവം നടന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിനുള്ളില്‍ ചുംബന രംഗം ചിത്രീകരിച്ചെന്നാരോപിച്ച് നെറ്റ്ഫ്‌ലിക്‌സിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തത്. മധ്യപ്രദേശിലാണ് സംഭവം. മീരാ നായര്‍ സംവിധാനം ചെയ്യുന്ന എ സ്യൂട്ടബിള്‍ ബോയ് എന്ന് വെബ്‌സീരിസിലെ രംഗം ചിത്രീകരിച്ചതിനാണ് നടപടി. മഹേശ്വര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു പരാതിക്ക് ആസ്പദമായ രംഗം ചിത്രീകരിച്ചത്.

എ സ്യൂട്ടബിള്‍ ബോയ് എന്ന് വെബ്‌സീരിസ് ഒരു വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നുവെന്നും ഐപിസി സെക്ഷന്‍ 295എ പ്രകാരം കേസെുത്തിരിക്കുന്നുവെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. ഇത് പ്രകാരം മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം.

നേരത്തെ തന്നെ വെബ്‌സീരിസിനെതിരെ ട്വിറ്ററില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സീരിസിലെ കഥാപാത്രങ്ങളായ ഹിന്ദു യുവതിയും മുസ്ലീം യുവാവും ഒരു ക്ഷേത്ര പരിസരത്ത് വെച്ചു ചുംബിക്കുന്ന രംഗത്തിനെതിരെയാണ് പ്രതിഷേധം. തബു, ഇഷാന്‍ ഖട്ടര്‍ എന്നിവരാണ് സീരീസില്‍ പ്രധാന വേഷത്തിലെത്തുന്നത്.

 

Test User: