X

സ്വപ്നയുടെ ആരോപണം: ഒന്നും പറയാനില്ലെന്ന് എം.വി ഗോവിന്ദന്‍

സ്വപ്ന സുരേഷിന്റെ ആരോപണം സംബന്ധിച്ച് ഒന്നും പറയാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉള്ള ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ സ്വപ്നയെ കൊല്ലുമെന്ന് ഇടനിലക്കാരന്‍ വഴി എംവി ഗോവിന്ദന്‍ ഭീഷണിപ്പെടുത്തി എന്നായിരുന്നു സ്വപ്നയുടെ ആരോപണം.

ഇന്നു വൈകിട്ടോടെയാണ് സ്വപ്ന ആരോപണവുമായി രംഗത്ത് എത്തിയത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഇടനിലക്കാരന്‍ സമീപിച്ചെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. വിജയിപ്പിള്ള എന്ന കണ്ണൂര്‍ സ്വദേശിയാണ് താനുമായി സംസാരിച്ചത്. ഇയാള്‍ 30 കോടി ഓഫര്‍ ചെയ്‌തെന്നും വല്ല ഹരിയാനയിലെ ജയ്പൂരിലോ പോയി ജീവിക്കണമെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ പറഞ്ഞതടക്കം പിന്‍വലിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടതായും സ്വപന പറയുന്നു.

ഒത്തുതീര്‍പ്പിന് വിസമ്മതിച്ചാല്‍ തന്നെ അവസാനിപ്പിക്കും എന്ന രീതിയിലാണ് ഇദ്ദേഹം സംസാരിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നിര്‍ദ്ദേശപ്രകാരമാണ് വന്നതെന്ന് ഇദ്ദേഹം പറഞ്ഞതായും സ്വപ്ന പറയുന്നു. ഒത്തുതീര്‍പ്പിന് തയ്യാറായില്ലെങ്കില്‍ വല്ല ലഹരി മരുന്ന് കേസിലും പെടുത്തി അകത്താക്കുമെന്നും സ്വപ്ന പറയുന്നുണ്ട്.

അതേസമയം ആരോപണങ്ങളില്‍ നിന്ന് ഒരു കാരണവശാലും പിന്നോട്ടില്ലെന്നു സ്വപ്ന പറയുന്നു. കേരളത്തെ കൊള്ളയടിച്ച് മകള്‍ക്ക് വേണ്ടി മുഖ്യമന്ത്രി ഒരു സാമ്രാജ്യം പണിയുകയാണ്. അത് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാണിക്കും സ്വപ്ന പറഞ്ഞു.

webdesk11: