X

പി ശ്രീരാമകൃഷ്ണന്‍ വിദേശത്ത് വിദ്യാഭ്യാസസ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നു; സ്വപ്‌നയുടെ മൊഴി പുറത്ത്

തിരുവനന്തപുരം: നിസമയഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വിദേശത്ത് വിദ്യാഭ്യാസസ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നതായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. മിഡില്‍ ഈസ്റ്റ് കോളേജിന്റെ ബ്രാഞ്ച് ഷാര്‍ജയില്‍ തുടങ്ങാനായിരുന്നു നീക്കം. സ്ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാന്‍ സ്പീക്കര്‍ ഷാര്‍ജാ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയെന്നും സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ച സ്വപ്‌നയുടെ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

തിരുവനന്തപുരത്തെ ലീലാ പാലസ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയില്‍ ഭൂമി നല്‍കാമെന്ന് വാക്കാല്‍ ഉറപ്പുകിട്ടിയെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. എന്തിനാണ് സ്പീക്കര്‍ ഇക്കാര്യത്തില്‍ താത്പര്യമെടുത്തതെന്ന ചോദ്യത്തിന് അദ്ദേഹത്തിന് മിഡില്‍ ഈസ്റ്റ് കോളജില്‍ നിക്ഷേപമുണ്ടെന്നായിരുന്നു സ്വപ്‌നയുടെ മറുപടി.

കോളജിന്റെ ശാഖകള്‍ വര്‍ധിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കം. അവിടുത്തെ കാര്യങ്ങള്‍ നോക്കിനടത്താന്‍ താനാണ് മികച്ചയാളെന്ന് പറഞ്ഞതായും സ്വപ്‌നയുടെ മൊഴിയിലുണ്ട്.

Test User: