തൃശൂര്‍: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ സെല്ലിനുള്ളില്‍ നിന്ന് ഉന്നതരെ ഫോണില്‍ ബന്ധപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ ഫോണില്‍ നിന്നാണ് സ്വപ്‌ന ഉന്നതരുമായി ബന്ധപ്പെട്ടത്.
സംഭവം വിവാദമായതോടെ വനിതാ സെല്ലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരെയും ആശുപത്രി സൂപ്രണ്ട് വിളിച്ചുവരുത്തി വിവരം തേടി. ഒന്നുമറിയില്ലെന്നാണു ജീവനക്കാരുടെ മൊഴി. എന്നാല്‍, അവരില്‍ ഒരാളുടെ ഫോണില്‍ നിന്നു സ്വപ്ന തിരുവനന്തപുരത്തേക്കു വിളിച്ചതായാണ് എന്‍ഐഎയ്ക്കു ലഭിച്ച സൂചന.
സ്വപ്ന മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞ ആറു ദിവസങ്ങളില്‍ വനിതാ സെല്ലില്‍ ജോലി നോക്കിയ എല്ലാ ജീവനക്കാരുടെയും ഫോണ്‍വിളി വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സ്‌പെഷല്‍ ബ്രാഞ്ചും അന്വേഷിക്കുന്നുണ്ട്.
സ്വപ്നയുടെ സമീപത്ത് ഡ്യൂട്ടിചെയ്യുന്നവരുടെ മൊബൈലുകള്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞതവണ ആശുപത്രിയില്‍ കിടന്നപ്പോള്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകയുടെ ഫോണില്‍നിന്ന് സ്വപ്ന സംസാരിച്ചിരുന്നു. വീട്ടിലേക്കു വിളിക്കാനാണെന്നു പറഞ്ഞാണ് ഫോണ്‍ വാങ്ങിയത്. ഇക്കാര്യം എന്‍.െഎ.എ.യുടെ ശ്രദ്ധയില്‍പെട്ടിരുന്നു.
അതിനിടെ, സ്വപ്‌നയും മറ്റൊരു പ്രതി കെടി റമീസും ഒരേസമയം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയതില്‍ അസ്വാഭാവികത ആരോപിക്കപ്പെടുന്നുണ്ട്. വിഷയത്തില്‍ ജയില്‍ വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്.