X

സ്വപ്‌ന സുരേഷിന് തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കില്‍ നിക്ഷേപം 38 കോടി!

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന് തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കില്‍ വന്‍ നിക്ഷേപവും ലോക്കറും. സ്വപ്‌നയ്ക്ക് 38 കോടി രൂപയുടെ നിക്ഷേപമുള്ളതായാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടെത്തിയത്. മറ്റൊരു പ്രതിയായ സന്ദീപിനും ഇതേ ബാങ്കില്‍ അക്കൗണ്ടുണ്ട്. മാതൃഭൂമിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

യു.എ.ഇ. കോണ്‍സുലേറ്റിന്റെ അക്കൗണ്ടും ഇതേ ബാങ്കിലാണ്. ഒരാള്‍ക്ക് പണമായി പിന്‍വലിക്കാവുന്ന പരിധിയില്‍ക്കവിഞ്ഞ തുക സ്വപ്‌ന അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്. അക്കൗണ്ട് മറ്റൊരു ബാങ്കിലേക്ക് മാറ്റും എന്ന് ഭീഷണിപ്പെടുത്തിയാണ് പണം പിന്‍വലിച്ചത്. ഇക്കാര്യം ബാങ്ക് മാനേജര്‍ ഇ.ഡി.യോടു സമ്മതിച്ചിട്ടുണ്ട്. യു.എ.ഇ. കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍നിന്നാണ് സ്വപ്നയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയത്. ഇതിനുപുറമേ മറ്റുചില അക്കൗണ്ടില്‍നിന്നും നേരിട്ട് പണമായും നിക്ഷേപം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി. എന്നാല്‍, ലോക്കര്‍ തുറന്ന് പരിശോധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

കോണ്‍സുലേറ്റിന്റെ രണ്ട് അക്കൗണ്ടുകളും സ്വപ്ന കൈകാര്യം ചെയ്തിരുന്നു എന്നാണ് വിവരം. ഇതിലൊന്നില്‍നിന്നാണ് സ്വന്തം അക്കൗണ്ടിലേക്കു പണം മാറ്റിയത്. കോണ്‍സുലേറ്റിന്റെയും സന്ദീപ്, സ്വപ്ന എന്നിവരുടെയും അക്കൗണ്ട് വിവരങ്ങള്‍ ഇ.ഡി. ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നുതവണ ബാങ്ക് മാനേജരെ ചോദ്യംചെയ്തു. കോണ്‍സുലേറ്റിന്റെ അക്കൗണ്ടിലെ ഇടപാടുകളിലാണ് പ്രധാനമായും ഇ.ഡി.ക്കു സംശയമുള്ളത്. സ്വപ്നയ്‌ക്കൊപ്പം ബാങ്കിലെത്താറുള്ളവരെക്കുറിച്ചുള്ള വിവരം ഉദ്യോഗസ്ഥര്‍ തേടിയിട്ടുണ്ട്.

അന്വേഷണം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ബാങ്കിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ അന്വേഷണസംഘം പരിശോധിക്കും. കോണ്‍സുലേറ്റിന്റെ അക്കൗണ്ട് സ്വപ്ന കൈകാര്യം ചെയ്തത് അവരുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് ബാങ്കിന്റെ വിശദീകരണം. ഇക്കാര്യത്തില്‍ ബാങ്കിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് അവര്‍ ഇ.ഡി.യെ അറിയിച്ചത്.

Test User: