X

മുഖ്യമന്ത്രിയുമായി സംസാരിച്ചത് ഔദ്യോഗിക ആവശ്യങ്ങള്‍ക്കെന്ന് സ്വപ്‌ന; മകന്റെ ജോലിക്കാര്യത്തിനായി കടകംപള്ളി വന്നെന്നും മൊഴി

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി വ്യക്തിപരമായി അടുപ്പമില്ലെന്ന് സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മുഖ്യമന്ത്രിയുമായി സംസാരിച്ചത് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമാണ്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുമായി അടുപ്പമോ ബന്ധമോ ഇല്ലെന്നും സ്വപ്‌ന പറഞ്ഞു.

കോണ്‍സുല്‍ ജനറലിന്റെ ഒപ്പമല്ലാതെ ഒരു തവണ മാത്രമാണ് മുഖ്യമന്ത്രിയെ കണ്ടിട്ടുള്ളത്. ഷാര്‍ജ സുല്‍ത്താനെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയെ കണ്ടത്. ഷാര്‍ജ ഭരണാധികാരി വരുമ്പോള്‍ അവരുടെ ആചാരപ്രകാരം സ്വീകരിക്കുന്നത് എങ്ങനെയെന്ന് ഭാര്യയ്ക്ക് പറഞ്ഞുകൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയും ഭാര്യയുമാണ് ഷാര്‍ജ ഭരണാധികാരിയെ സ്വീകരിക്കാന്‍ പോയത്. പിന്നീട് അച്ഛന്‍ മരിച്ചപ്പോള്‍ മുഖ്യമന്ത്രി അനുശോചനം അറിയിച്ച് വിളിച്ചിരുന്നു. ശിവശങ്കറിന്റെ ഫോണില്‍ നിന്നാണ് വിളിച്ചത്. മുഖ്യമന്ത്രിക്ക് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നും സ്വപ്‌ന മറുപടി നല്‍കി.

മന്ത്രി കെ ടി ജലീലിന്റെ ഫോണ്‍ നമ്പര്‍ ചൂണ്ടിക്കാട്ടി ഇത് ആരുടെ ഫോണ്‍നമ്പര്‍ ആണെന്ന് അറിയുമോ എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ചോദിച്ചു. ഇത് കെ ടി ജലീലിന്റെ നമ്പര്‍ ആണെന്ന് സ്വപ്‌ന മൊഴി നല്‍കി. നാലുതവണ വ്യത്യസ്ത ആവശ്യങ്ങളുമായി ജലീല്‍ ഫോണില്‍ ബന്ധപ്പെട്ടു. റമദാന്‍ കിറ്റ്, അലാവുദ്ദീന്‍ എന്നയാള്‍ക്ക് ജോലി ലഭിക്കുന്നതിന് സഹായം തേടിയും, ദുബായിലെ ജയിലില്‍ കിടക്കുന്നയാളെ ഡീ പോര്‍ട്ട് ചെയ്യുന്നതിന് വേണ്ടിയുമാണ് ജലില്‍ വിളിച്ചത്. പിന്നീട് കോവിഡ് കാലത്ത് തന്റെ മണ്ഡലത്തില്‍ ഭക്ഷ്യക്കിറ്റ് വിതരണത്തിന് സഹായം തേടിയും ജലീല്‍ കോണ്‍സുലേറ്റിലേക്ക് വിളിച്ചതായി സ്വപ്‌ന മൊഴി നല്‍കിയിട്ടുണ്ട്.

മന്ത്രിമാരായ കെ ടി ജലീലും കടകംപള്ളി സുരേന്ദ്രനും പലതവണ കോണ്‍സുലേറ്റില്‍ വന്നിട്ടുണ്ട് എന്ന് സ്വര്‍ണ കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്. മകന്റെ യുഎഇയിലെ ജോലിക്കാര്യത്തിനാണ് കടകംപള്ളി സുരേന്ദ്രന്‍ കോണ്‍സുലേറ്റിലെത്തി കോണ്‍സല്‍ ജനറലിനെ കണ്ടത്. ശിവശങ്കറിന്റെ ശുപാര്‍ശയിലാണ് സ്വപ്‌നയ്ക്ക് സ്‌പേസ് പാര്‍ക്കില്‍ ജോലി കിട്ടിയത് എന്നും സരിത്ത് വെളിപ്പെടുത്തി.

 

chandrika: