കൊച്ചി: ജനനേന്ദ്രിയം വിച്ഛേദിച്ച കേസില്‍ സ്വാമിയെ പിന്തുണച്ച് പെണ്‍കുട്ടി ഹൈക്കോടതിയില്‍. കുട്ടിക്കാലം മുതല്‍ മകളെപ്പോലെയായിരുന്നു താനെന്നും ഗംഗേശാനന്ദക്കെതിരെ പരാതി നല്‍കിയത് പോലീസിന്റെ സമ്മര്‍ദ്ദം മൂലമാണെന്നും പെണ്‍കുട്ടി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷയിലാണ് പെണ്‍കുട്ടി ഇക്കാര്യം വ്യക്തമാക്കുന്നത്.
സ്വാമി നിരപരാധിയാണ്. കുടുംബത്തെ സഹായിച്ചിരുന്നുവെന്നും കുട്ടിക്കാലം മുതല്‍ മകളെപ്പോലെയാണ് തന്നെ കണ്ടതെന്നും പെണ്‍കുട്ടി പറയുന്നു. പോലീസ് പ്രഥമവിവരങ്ങള്‍ മനസ്സിലാക്കുന്നതിന് മുമ്പ് നിര്‍ബന്ധിപ്പിച്ച് ഒപ്പിടുവിക്കുകയായിരുന്നുവെന്ന് പറഞ്ഞ പെണ്‍കുട്ടി നിയമപഠനത്തിന് സ്വാമി പ്രോല്‍സാഹനം നല്‍കിയിരുന്നതായും വ്യക്തമാക്കുന്നു. സ്വാമിക്കെതിരെ മൊഴി നല്‍കണമെന്ന പോലീസിന്റെ ആവശ്യം എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തി. നിര്‍ഭയയില്‍ താമസിക്കുമ്പോള്‍ മാതാപിതാക്കളേയും സഹോദരനേയും കാണാന്‍ അനുവദിച്ചില്ലെന്നും പെണ്‍കുട്ടി പറയുന്നു.
പ്രതിയുടെ ആരോഗ്യ നിലയില്‍ പ്രോസിക്യൂഷന്‍ ആശങ്കപ്പെടുന്നില്ല. ആന്റിബയോട്ടിക് മരുന്നുകളോട് പ്രതികരികാത്ത സാഹചര്യമാണ് സ്വാമിക്കുള്ളതെന്നും പ്രതിഭാഗം വാദിച്ചു. അണുബാധയേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ കൊച്ചിയിലെ അമൃത ആസ്പത്രിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. തുടര്‍ന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് തിങ്കളാഴ്ച ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.