ജമ്മുകാശ്മീരില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട ആസിഫയുടെ മരണത്തില്‍ പ്രതികരണവുമായി സ്വാമി സന്ദീപാനന്ദഗിരി. ഈശ്വരന്‍ ദേവാലയങ്ങള്‍ക്കകത്തില്ലെന്നതിന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ വേണോയെന്ന് അദ്ദേഹം ചോദിച്ചു. പെണ്‍കുട്ടിയുടെ ചിത്രം സഹിതമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ആസിഫയുടെ കൊലപാതകത്തില്‍ പ്രതിഷേധവുമായി സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നും സെലിബ്രിറ്റികളുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരിക്കുകയാണ്.
കേസിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഇന്നലെ അര്‍ദ്ധരാത്രി കോണ്‍ഗ്രസ് ഇന്ത്യാഗേറ്റിന് മുന്നില്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഉന്നാവോ പീഡനക്കേസിലെ പ്രതിയായ ബി.ജെ.പി എം.എല്‍.എയെ സി.ബി.ഐ അറസ്റ്റ് ചെയ്യുകയും ചെയ്തു.
രാഹുല്‍ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിലായിരുന്നു ഇന്നലെ മാര്‍ച്ച് നടന്നത്. നൂറുകണക്കിന് പേരാണ് പ്രതിഷേധത്തിലേക്ക് ഒഴുകിയെത്തിയത്. പെണ്‍കുട്ടികള്‍ക്ക് നേരെ നടന്ന അതിക്രമങ്ങള്‍ രാഷ്ട്രീയ വിഷയമല്ലെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി ഇത് ദേശീയ വിഷയമാണെന്ന് ചൂണ്ടിക്കാട്ടി. പുലര്‍ച്ചെ ഒന്നരവരെ രാഹുലും പ്രിയങ്കയും ഇന്ത്യാഗേറ്റില്‍ കുത്തിയിരുന്നു.
എ.ഐ.സി.സി ആസ്ഥാനത്ത് നിന്നാരംഭിച്ച മാര്‍ച്ച് ഇന്ത്യ ഗേറ്റിലേക്ക് എത്തുന്നത് തടയാന്‍ പൊലീസ് ബാരിക്കേഡ് തീര്‍ത്തെങ്കിലും ഇത് മറികടന്ന് പ്രവര്‍ത്തകര്‍ അമര്‍ ജവാന്‍ ജ്യോതി വരെയെത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേല്‍, അംബികാസോണി, അശോക് ഖേലോട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.