ന്യൂഡല്‍ഹി: താന്‍ ഇന്ത്യയിലെത്തിയാല്‍ മാത്രമേ രാജ്യത്തെ കോവിഡ് രണ്ടാം തരംഗം അവസാനിക്കുകയുള്ളുവെന്ന് വിവാദ ആള്‍ദൈവം നിത്യാനന്ദ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിഡിയോയിലാണ് ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തെ കുറിച്ച് നിത്യാനന്ദയുടെ പരാമര്‍ശം. നേരത്തെ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് തന്റെ രാജ്യമായ കൈലാസത്തേക്കുള്ള പ്രവേശനം വിലക്കിയെന്ന വിവരവും നിത്യാനന്ദ അറിയിച്ചിരുന്നു. കോവിഡിനെ തുടര്‍ന്നായിരുന്നു നടപടി.
ഇന്ത്യയില്‍ നിരവധി കേസുകളില്‍ പ്രതിയായ നിത്യാനന്ദ രാജ്യത്തെ അന്വേഷണ ഏജന്‍സികളെ കബളിപ്പിച്ച് മുങ്ങുകയായിരുന്നു. പിന്നീട് ഇക്വഡോറിനടുത്ത് ഒരു ദ്വീപ് വിലക്ക് വാങ്ങി അവിടെ കൈലാസമെന്ന പേരില്‍ രാജ്യം സ്ഥാപിച്ചുവെന്ന് അവകാശപ്പെട്ട് നിത്യാനന്ദ രംഗത്തെത്തി. സ്വന്തമായി റിസര്‍വ് ബാങ്കും കറന്‍സിയുമുള്ള രാജ്യമാണ് കൈലാസമെന്നും നിത്യാനന്ദ പറഞ്ഞിരുന്നു.
അതേസമയം, അന്വേഷണ ഏജന്‍സികള്‍ നിത്യാനന്ദ എവിടെയാണെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.