X

സ്വലാഹുദ്ദീന്‍ വധം: ഒരാള്‍ സലാഹുദ്ദീന്റെ കാലിനും മറ്റൊരാള്‍ കൈയ്ക്കും പിടിച്ചുവെച്ചു, മറ്റ് രണ്ടുപേര്‍ ചേര്‍ന്ന് വെട്ടി; നിര്‍ണായകമായി സഹോദരിയുടെ മൊഴി

കണ്ണൂര്‍: എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. പ്രതികളായ ആഷിക് ലാല്‍, പ്രബിന്‍, അമല്‍രാജ് എന്നിവര്‍ കാര്‍ വാടകയ്‌ക്കെടുത്തത് റെന്റ് എ കാര്‍ വ്യവസ്ഥയിലാണെന്നാണ് വിവരം. കോളയാട് ചോലയിലെ സജേഷില്‍നിന്നാണ് പ്രതികള്‍ കാര്‍ വാടകക്കെടുത്ത്. സെപ്റ്റംബര്‍ രണ്ടിന് ഉച്ചയോടെ കണ്ണവത്തിനടുത്ത ചുണ്ടയില്‍നിന്നെന്ന് പറഞ്ഞ് രണ്ടു പേര്‍ ഇദ്ദേഹത്തെ സമീപിക്കുകയായിരുന്നു.

അടുത്ത സ്ഥലമായതുകൊണ്ട് സംശയം തോന്നിയില്ലെന്ന് സജീഷ് പറഞ്ഞു. ‘പെണ്ണുകാണല്‍ ചടങ്ങിന് രണ്ടോ മൂന്നോ ദിവസത്തേക്ക് വേണമെന്നാണ് പറഞ്ഞത്. ദിവസം 1200 രൂപയാണ് വാടക നിശ്ചയിച്ചത്. ആധാര്‍ കാര്‍ഡും മറ്റ് രേഖകളും അഡ്വാന്‍സ് ആയി കുറച്ച് പണവും വാങ്ങിയ ശേഷം കാര്‍ കൊടുത്തു. അഭി എന്ന് വിളിക്കുന്ന അമല്‍ ആണ് രേഖകളുടെ കോപ്പി നല്‍കി കാര്‍ കൊണ്ടുപോയത്.

ഇരുവരും മാസ്‌ക് ധരിച്ചിരുന്നതിനാല്‍ മുഖം വ്യക്തമായി ഓര്‍ക്കാന്‍ കഴിഞ്ഞില്ല. ആധാര്‍ കാര്‍ഡില്‍ ഫോട്ടോയുണ്ടെങ്കിലും വ്യക്തതക്കുറവുണ്ടായിരുന്നു. മൂന്നോ നാലോ ദിവസത്തിനകം കാര്‍ തിരികെത്തരുമെന്നാണ് പറഞ്ഞത്.

പക്ഷേ, കിട്ടാതിരുന്നപ്പോള്‍ വിളിച്ചു. രണ്ടുദിവസത്തിനകം തരാം എന്നാണ് പറഞ്ഞത്. ഇങ്ങനെ പറഞ്ഞ് രണ്ടു മൂന്നു തവണ നീട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ദിവസം പോലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് കുറ്റകൃത്യത്തിനാണ് കാര്‍ കൊണ്ടുപോയതെന്ന് മനസ്സിലായതെന്ന് സജേഷ് പറഞ്ഞു.’

ബാംഗളൂരുവില്‍ ബിസിനസ് നടത്തിയിരുന്ന സജേഷ് അഞ്ചാറു വര്‍ഷം മുമ്പ് അത് അവസാനിപ്പിച്ച് നാട്ടില്‍ പലചരക്കുകട തുടങ്ങിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് അനൗപചാരികമായി റെന്റ് എ കാര്‍ പരിപാടി തുടങ്ങിയതെന്ന് സജേഷ് പറഞ്ഞു. നമ്പൂതിരിക്കുന്ന് അമ്മാറമ്പ് കോളനി റോഡില്‍ റബ്ബര്‍തോട്ടത്തിന് സമീപം വിജനസ്ഥലത്തുനിന്നാണ് കാര്‍ കണ്ടെടുത്തത്.

വിരലടയാളഫോറന്‍സിക് വിദഗ്ധര്‍ ഇത് വിശദമായി പരിശോധിച്ചു. അതേസമയം, രണ്ടാം തീയതിതന്നെ കാര്‍ വാടകയ്‌ക്കെടുക്കുകയും എട്ടാം തീയതി കൃത്യം നടത്തുകയും ചെയ്തത് ഗൂഢാലോചനയുടെ ആഴം വെളിവാക്കുന്നു. സലാഹുദ്ദീന്‍ നിരന്തര നിരീക്ഷണത്തിലായിരുന്നുവെന്നും പ്രതികള്‍ തക്കംപാര്‍ത്തിരിക്കുകയായിരുന്നുവെന്നും പോലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു.

മുഖ്യമായും അഞ്ചോ ആറോ പേരാണ് കൊലപാതകത്തില്‍ പങ്കെടുത്തതെന്ന് പോലീസ് കരുതുന്നു. ബൈക്കില്‍ വന്ന് കാറിനിടിച്ച ആളെ കൂടാതെ നാലോ അഞ്ചോ പേര്‍ ആക്രമണസംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഒരാള്‍ സലാഹുദ്ദീന്റെ കാലിനും മറ്റൊരാള്‍ കൈയ്ക്കും പിടിച്ചുവെച്ചുവെന്നും മറ്റ് രണ്ടുപേര്‍ ചേര്‍ന്ന് വെട്ടിയെന്നും സലാഹുദ്ദീന്റെ സഹോദരി റായിദ പോലീസിന് മൊഴി നല്‍കിയിരുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ റായിദ തലശ്ശേരി സഹകരണാസ്പത്രിയിലായിരുന്നു. കഴിഞ്ഞ രാത്രി ഡിസ്ചാര്‍ജ് ചെയ്ത ഇവരില്‍നിന്ന് കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍വെച്ച് നാര്‍ക്കോട്ടിക് സെല്‍ എ.എസ്.പി. രേഷ്മ സംഭവം വിശദമായി ചോദിച്ചറിഞ്ഞു.

ബുധനാഴ്ച രാത്രി കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊലയില്‍ ഇവര്‍ നേരിട്ട് പങ്കെടുത്തോ എന്ന് വ്യക്തമല്ല. കുറ്റകൃത്യത്തില്‍ കൂടുതല്‍പേര്‍ പങ്കെടുത്തിട്ടുണ്ടെന്നും ഇവരെ തിരിച്ചറിഞ്ഞുവെന്നും പോലീസ് അറിയിച്ചു.

 

chandrika: